palakkad local

കൈവരി നിര്‍മിച്ചില്ല; അപകടം പതിയിരിക്കുന്നു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിലെ അട്ടപ്പാടി ചുരംവളവിലെ മന്ദംപൊട്ടിക്കു കുറുകെയുള്ള പാലത്തിന് കൈവരി നിര്‍മിച്ചില്ലെന്ന്പരാതി. കൈവരിതകര്‍ന്ന് വര്‍ഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതര്‍ നിസംഗത പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്.

ചുരംവളവിലെ മുക്കാലിക്കടുത്താണ് പാലം. മണ്ണാര്‍ക്കാട് മുതല്‍ ചിന്നത്തടാകം വരെയുള്ള റോഡിന്റെ റീടാറിംഗ് നടന്ന സമയത്ത് കൈവരി നിര്‍മിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നാളിതുവരെയും നടപടിയുണ്ടായില്ല. മണ്ണാര്‍ക്കാട് അട്ടപ്പാടി റോഡിന്റെ പ്രാരംഭനിര്‍മാണ കാലഘട്ടത്തില്‍ നിര്‍മിച്ചതാണ് ഈ പാലം. നാളിതുവരെ പാലം പുതുക്കി പണിയുകയോ ഉള്ള പാലത്തിനു കൈവരി നിര്‍മിക്കാനോ ശ്രമമുണ്ടായിട്ടില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അമ്പതോളം ബസുകളാണ് മണ്ണാര്‍ക്കാട്- അട്ടപ്പാടി റോഡില്‍ സര്‍വീസ് നടത്തുന്നത്. മണ്ണാര്‍ക്കാട് ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ക്കാണ് മന്ദംപൊട്ടിക്കു കൈവരിയില്ലാത്തത് കൂടുതല്‍ ദുരിതമുണ്ടാക്കുന്നത്. നല്ലവേഗത്തില്‍ ഇറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് പാലത്തിനു കൈവരിയില്ലാത്തത് ഏറെ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. പാലത്തിനു സമീപത്തായി സിഗ്‌നല്‍ ബോര്‍ഡുകള്‍ ഇല്ലാത്തതും അപകട സാഹചര്യമുണ്ടാക്കുന്നു. പതിനാലു കോടിയോളം രൂപ ചെലവഴിച്ചാണ് മണ്ണാര്‍ക്കാടു മുതല്‍ ചിന്നത്തടാകം വരെയുള്ള റോഡിന്റെ റീടാറിംഗ് പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ ചുരംവളവുകളില്‍ അപകടഭീതിയുള്ള ഭാഗങ്ങളില്‍ സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പാലത്തിനു കൈവരി നിര്‍മിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it