കൈരാന: വര്‍ഗീയ പ്രചാരണവുമായി ബിജെപി

ലഖ്‌നോ: കൈരാനയിലെ തോല്‍വിക്കു പിന്നാലെ വര്‍ഗീയ പ്രചാരണവുമായി ബിജെപി. കൈരാനയിലേത് ഹിന്ദുക്കളുടെ തോല്‍വിയാണെന്ന തരത്തിലാണ് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്വിറ്ററിലും പ്രചാരണം കൊഴുക്കുന്നത്. അല്ലാഹു ജയിക്കുകയും രാമന്‍ തോല്‍ക്കുകയും ചെയ്തതായി കൈരാനയിലെ വിജയത്തിനു പിന്നാലെ തബസ്സും ഹസന്‍ പറഞ്ഞെന്നാണ് വിവാദമായ ഒരു പ്രചാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിവരെ പിന്തുടരുന്ന പ്രമുഖ ബിജെപി നേതാവ് കമല്‍ ത്യാഗിയെ പോലുള്ളവര്‍ ഈ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തതോടെ ഇത്തരം വ്യാജ പോസ്റ്ററുകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയാണ്. ഇന്നെനിക്ക് അതിയായ സന്തോഷമുണ്ട്. കൈരാനയില്‍ പരാജയപ്പെട്ടപ്പോള്‍ അല്‍പം വിഷമം തോന്നിയിരുന്നു. എന്നാല്‍, തബസ്സും ബീഗം ഇസ്‌ലാം ജയിച്ചുവെന്നും ഹിന്ദുക്കള്‍ പരാജയപ്പെട്ടുവെന്നും പറഞ്ഞതോടെ എനിക്ക് സന്തോഷമായി. മോദിയെ എതിര്‍ക്കുന്നവര്‍ക്കുള്ള അടിയാണിത്. തബസ്സുമിന് വോട്ട് ചെയ്തവര്‍ക്കുമുള്ള അടിയാണിത് ഇതാണ് കമല്‍ ത്യാഗിയുടെ കുറിപ്പ്. നിരവധി പേരാണ് ഈ സന്ദേശം പങ്കുവച്ചത്.
അതേസമയം, തന്റെ വിജയത്തെ മതവുമായി കൂട്ടിച്ചേര്‍ത്ത് സംസാരിച്ചിട്ടേ ഇല്ലെന്ന് തബസ്സും ഹസന്‍ പറഞ്ഞു. താന്‍ എംപിയായത് മുസ്്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല. എല്ലാവരുടേയും വോട്ട് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായികളാണ് ഈ പ്രചാരണത്തിന് പിന്നില്‍. വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കും. യോഗി ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവവാഹിനിയുടെ പ്രവര്‍ത്തകരാണ് പ്രചാരണത്തിന് പിന്നിലെന്ന് ബോധ്യമായെന്നും തബസ്സും പറഞ്ഞു.






Next Story

RELATED STORIES

Share it