കൈരാനയും പ്രതിപക്ഷ ഭാവിയും

കുന്നത്തൂര്‍  രാധാകൃഷ്ണന്‍
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ ഉപതിരഞ്ഞെടുപ്പുകള്‍ അത്ര പ്രധാന ഘടകമല്ല. ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നോ അല്ലെന്നോ പ്രചാരണവേളയില്‍ സന്ദര്‍ഭാനുസരണം ഭരണ-പ്രതിപക്ഷ കക്ഷികള്‍ പറയാറുണ്ടെങ്കിലും ഫലം പുറത്തുവരുന്നതോടെ അത്തരം അവകാശവാദങ്ങള്‍ അസ്തമിക്കാറാണ് പതിവ്.
എന്നാല്‍, സമീപകാലത്തായി രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ക്ക് അതീവ പ്രാധാന്യം കൈവന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന, സര്‍ക്കാര്‍ സൃഷ്ടിച്ച ഭീഷണമായ അന്തരീക്ഷവുമായി ഈ പ്രാധാന്യത്തിനു ബന്ധമുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ യാഥാര്‍ഥ്യമായതു പോലും വര്‍ത്തമാനകാല രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൃഷ്ടിയാണെന്നു പറയാം. തിരഞ്ഞെടുപ്പ് ജയിക്കാനും അധികാരത്തിലേറാനും ഏതു മാര്‍ഗവും സ്വീകരിച്ച് പടയോട്ടത്തിന് ആക്കംകൂട്ടുന്ന സംഘപരിവാരത്തിനു തടയിടേണ്ടത് ജനാധിപത്യത്തിന്റെ അതിജീവനത്തിന് അനിവാര്യമാണെന്ന തിരിച്ചറിവാണ് ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാവുന്നതിന് ഒരു പ്രധാന കാരണം.
മേല്‍പറഞ്ഞ അടിയന്തര രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായത് ദേശീയതലത്തില്‍ ഹിന്ദുത്വശക്തികള്‍ക്കെതിരായ പോരാട്ടത്തിനു പുതിയ ഊര്‍ജം പകര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നത്. 11 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ കൈരാന, മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ടിയ, ഫാല്‍ഗഡ്, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇതില്‍ നാഗാലാന്‍ഡ് ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളും ബിജെപിയുടെ സിറ്റിങ് സീറ്റാണ്.
മൂന്നിടങ്ങളിലും ബിജെപി വലിയ വെല്ലുവിളിയാണ് നേരിടുന്നതെങ്കിലും കൈരാനയാണ് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. അവിടെ സംയുക്ത പ്രതിപക്ഷമാണ് ബിജെപിയെ നേരിടുന്നത്. സംയുക്ത പ്രതിപക്ഷത്തിന്റെ ഭാവി കൈരാനയിലെ ജനവിധിയെ ആശ്രയിച്ചായിരിക്കുമെന്നു പറഞ്ഞാലും തെറ്റാവില്ല.
യുപിയിലെ ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയെ മുട്ടുകുത്തിച്ചതിന്റെ ആവേശത്തിലാണ് കൈരാനയില്‍ പ്രതിപക്ഷ കക്ഷികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിച്ചിരിക്കുന്നത്. അജിത് സിങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) സ്ഥാനാര്‍ഥി തബസ്സും ഹസനെയാണ് സമാജ്‌വാദി പാര്‍ട്ടി (എസ്പി)യും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)യും കോണ്‍ഗ്രസ്സും പിന്തുണയ്ക്കുന്നത്. ലോക്ദള്‍ സ്ഥാനാര്‍ഥി പിന്മാറിയതോടെ പ്രതിപക്ഷത്തിനു വലിയ കരുത്ത് കൈവന്നിരിക്കുകയാണ് കൈരാനയില്‍. മൃഗാംഗ സിങാണ് ബിജെപി സ്ഥാനാര്‍ഥി. മൃഗാംഗ സിങിന്റെ പിതാവ് ഹുകുംസിങിന്റെ ദേഹവിയോഗത്തെ തുടര്‍ന്നാണ് കൈരാനയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിഎസ്പി മുന്‍ എംപിയായ തബസ്സും ഹസന്‍ പിന്നീട് എസ്പിയിലും തുടര്‍ന്ന് ആര്‍എല്‍ഡിയിലും ചേരുകയായിരുന്നു.
കൈരാനയിലെ ജനസംഖ്യയില്‍ 40 ശതമാനത്തോളം മുസ്‌ലിംകളാണ്. മുസ്‌ലിം വോട്ടുകള്‍ക്കൊപ്പം ജാട്ട്, ദലിത് വോട്ടുകളും ചേര്‍ന്നാല്‍ തബസ്സും ഹസനു ജയിക്കാനാവുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍.
ജാട്ടുകള്‍ മണ്ഡലത്തില്‍ പ്രബല ശക്തിയാണ്. അജിത് സിങിന്റെ പിതാവ് ചരണ്‍സിങിനു പശ്ചിമ യുപിയില്‍ ഒരു ഘട്ടത്തില്‍ വന്‍ സ്വാധീനമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ജാട്ട് വോട്ടുബാങ്കില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് ആര്‍എല്‍ഡി.
ഗോരഖ്പൂരിലും ഫുല്‍പൂരിലും തങ്ങള്‍ കൈവരിച്ച വിജയം യാദൃച്ഛികമായി സംഭവിച്ചതല്ലെന്ന് കൈരാനയില്‍ പ്രതിപക്ഷത്തിനു തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഐക്യം പ്രതിപക്ഷത്തിനു നിലനിര്‍ത്താനാവൂ. ഇക്കാര്യം പരിഗണിക്കുന്നുവെങ്കില്‍ ബിജെപിയേക്കാള്‍ പരീക്ഷണം നേരിടുന്നത് പ്രതിപക്ഷമാണെന്ന് പറയേണ്ടിവരും.
കൈരാനയില്‍ നിന്ന് ഭയം മൂലം ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുവെന്ന ഹിന്ദുത്വരുടെ കാടടക്കിയുള്ള വ്യാജപ്രചാരണത്തിനിടയിലാണ് കഴിഞ്ഞ വര്‍ഷം യുപി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ജനങ്ങള്‍ക്കിടയില്‍ അന്ന് സൃഷ്ടിക്കപ്പെട്ട ധ്രുവീകരണം ഇപ്പോഴും തീര്‍ത്തും മാഞ്ഞുപോയിട്ടില്ല.
ഹിന്ദു വോട്ടുബാങ്ക് ലക്ഷ്യമിട്ട് തകര്‍പ്പന്‍ പ്രചാരണം നടത്തുന്നതിനൊപ്പം മൃഗാംഗ സിങിനെ മുന്‍നിര്‍ത്തി സഹതാപതരംഗം സൃഷ്ടിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആറു സഹമന്ത്രിമാരും നിരവധി ബിജെപി നേതാക്കളും മണ്ഡലത്തില്‍ തമ്പടിച്ചിരിക്കുകയാണ്. ഗോരഖ്പൂരും ഫുല്‍പൂരും ആവര്‍ത്തിക്കുന്നത് ദേശീയതലത്തില്‍ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന് അവര്‍ ന്യായമായും ഭയക്കുന്നു.
മണ്ഡലത്തിലെ പ്രബല ശക്തിയായ ഗുര്‍ജാറുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. മൃഗാംഗ സിങ് ഗുര്‍ജാര്‍ സമുദായക്കാരിയാണ്. ഹുകുംസിങിനോട് ഗുര്‍ജാറുകള്‍ പുലര്‍ത്തിപ്പോന്ന ചോദ്യം ചെയ്യാനാവാത്ത കൂറ് ഇത്തവണയും തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ബിജെപി കരുതുന്നത്.
കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുവെന്ന കെട്ടുകഥ ഏറെ മുമ്പോട്ടുകൊണ്ടുപോയത് ഹുകുംസിങായിരുന്നു. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്ന ശേഷം ക്രമസമാധാനനില മെച്ചപ്പെട്ടെന്നും അതിനാല്‍ ഹിന്ദു പലായനം നിലച്ചെന്നുമാണ് മൃഗാംഗ സിങും ബിജെപിയും ഇപ്പോള്‍ പറയുന്നത്.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കാന്‍ സംഘപരിവാരം തയ്യാറാവും എന്നതില്‍ പുതുമയൊന്നുമില്ല. മൃഗാംഗ സിങിന്റെ ബ്രോഷറുകളില്‍ ചരണ്‍സിങിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിനു മറ്റൊരു കാരണവും കാണാനില്ല.
മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. തബസ്സുമിന്റെ അന്തരിച്ച ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ കന്‍വര്‍ ഹസന്‍ മല്‍സരരംഗത്തുണ്ട്. എന്നാല്‍, മുസ്‌ലിം വോട്ടുകള്‍ കാര്യമായി വീഴ്ത്താന്‍ കന്‍വര്‍ ഹസന്റെ സ്ഥാനാര്‍ഥിത്വത്തിനു സാധിക്കുമെന്ന് മണ്ഡലത്തിന്റെ സ്വഭാവമറിയുന്നവര്‍ കരുതുന്നില്ല.
സഹാറന്‍പൂര്‍ ജില്ല കൈരാന മണ്ഡലത്തിന്റെ ഭാഗമാണ്. അവിടത്തെ ദലിതുകളുടെ വീറുറ്റ നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലിലാണ്. ആസാദിനെ യോഗി സര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കിയതാണെന്നാണ് ദലിതുകള്‍ വിശ്വസിക്കുന്നത്. സഹാറന്‍പൂരിലെ ദലിത് വോട്ടുകളും സ്വാഭാവികമായും തബസ്സുമിനു കിട്ടുമെന്ന് പ്രതീക്ഷിക്കാം.
ഉത്തര്‍പ്രദേശിലെ ബിജെപി ഭരണം ജനങ്ങള്‍ക്ക് ദുരിതമല്ലാതെ മറ്റൊന്നും സമ്മാനിച്ചിട്ടില്ല. ദലിതുകളും ന്യൂനപക്ഷങ്ങളും ദിനംപ്രതി അക്രമത്തിന് ഇരയാവുന്നു. കൂട്ടബലാല്‍സംഗങ്ങള്‍ തുടര്‍ക്കഥയായി. പല കേസുകളിലും പ്രതികളായ ഭരണകക്ഷി നേതാക്കള്‍ സമൂഹത്തില്‍ നെഞ്ചുവിരിച്ചുനടക്കുന്നു. ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡസന്‍കണക്കിനു കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ആതുരസേവനത്തിന്റെ മൂര്‍ത്തീമദ്ഭാവമായ ഡോ. കഫീല്‍ ഖാനെ കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. പഞ്ചസാര മില്ലുകളില്‍ നിന്ന് പ്രതിഫലം കിട്ടാതെ കരിമ്പു കര്‍ഷകര്‍ നട്ടംതിരിയുന്നു.
സംഘപരിവാരത്തോട് കണക്കു തീര്‍ക്കാന്‍ അത്യുത്തമ മാര്‍ഗം ബാലറ്റ് തന്നെയാണ്. അതിനുള്ള അവസരമാണ് കൈരാനയില്‍ കൈവന്നിരിക്കുന്നത്. പ്രതിപക്ഷ ഐക്യം കൈരാനയില്‍ വിജയക്കൊടി പാറിക്കുന്നുവെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ജനാധിപത്യ-മതനിരപേക്ഷ ശക്തികള്‍ക്ക് നല്‍കുന്ന പ്രചോദനം ചെറുതായിരിക്കില്ല.
ഭണ്ഡാര-ഗോണ്ടിയ, ഫാല്‍ഗഡ് മണ്ഡലങ്ങളിലും മതനിരപേക്ഷ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളത്. എന്നാല്‍, ഫാല്‍ഗഡില്‍ സംയുക്ത പ്രതിപക്ഷത്തിനു വലിയ പ്രതീക്ഷയില്ല. അവിടെ ശിവസേനയ്ക്കാണ് മുന്‍തൂക്കം.
നാഗാലാന്‍ഡ് മണ്ഡലത്തില്‍ അവിടത്തെ പ്രാദേശിക കക്ഷികളാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.                                                         ി
Next Story

RELATED STORIES

Share it