കൈരാനയില്‍ 55 ശതമാനം പോളിങ്‌

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന കൈരാന ലോക്‌സഭാ മണ്ഡലത്തില്‍ 55 ശതമാനം പോളിങ് രേഖപ്പെടുത്തി. കൈരാന അടക്കം നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിനു പുറമെ ചെങ്ങന്നൂര്‍ അടക്കം 10 നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡര-ഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നിവയാണ് തിരഞ്ഞെടുപ്പ് നടന്ന മറ്റു ലോക്‌സഭാ മണ്ഡലങ്ങള്‍. യുപിയിലും മഹാരാഷ്ട്രയിലും വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കൈരാന അടക്കമുള്ള മണ്ഡലങ്ങളില്‍നിന്നാണ് പരാതി ഉയര്‍ന്നത്.
ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 57 ശതമാനവും ബിഹാറിലെ ജോകിഹട്ടില്‍ 55 ശതമാനവും പോളിങ് രേഖപ്പെടുത്തി. കനത്ത സുരക്ഷയ്ക്കിടെയായിരുന്നു ജോകിഹട്ട് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളുടെ അനുയായികള്‍ തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ സില്ലി, ഗോമിയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 75.5 ആണ് സില്ലിയിലെ പോളിങ് ശതമാനം.
മണ്ഡലത്തിലെ ചില പോളിങ് കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളിലെ മഹേഷ്തല മണ്ഡലത്തില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ സംബന്ധിച്ച് 50ഓളം പരാതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന് ലഭിച്ചു. എന്നാല്‍, പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കമ്മീഷന്‍ പ്രതികരിച്ചു. പഞ്ചാബിലെ ഷാകോട് മണ്ഡലത്തില്‍ 73 ശതമാനം പോളിങ് രേഖപ്പെടുത്തി. മേഘാലയയിലെ അംപാടി മണ്ഡലത്തില്‍ 88.58 ശതമാനമാണ് പോളിങ്.
Next Story

RELATED STORIES

Share it