കൈരാനയില്‍ ബിജെപിക്ക് വെല്ലുവിളി ശക്തം

ന്യൂഡല്‍ഹി: ഈ ഉപതിരഞ്ഞെടുപ്പില്‍ ഇനി മല്‍സരമേയില്ല. വിജയം ഉറപ്പായിക്കഴിഞ്ഞു. മൂന്നോ നാലോ ലക്ഷം വരെ ഭൂരിപക്ഷം വരാം- രാഷ്ട്രീയ ലോക്ദള്‍ നേതാവ് മസൂദ് അഹ്മദ് ഏറെ ആഹ്ലാദത്തിലാണ്. ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബസും ഹസന് പിന്തുണ പ്രഖ്യാപിച്ച് ലോക്ദളിന്റെ കന്‍വാര്‍ ഹസന്‍ രണ്ടുദിവസം മുമ്പ് രംഗത്തു നിന്നു പിന്‍മാറി. ബന്ധു കൂടിയായ കന്‍വാറിന്റെ സ്ഥാനാര്‍ഥിത്വം തബസുമിന്റെ വോട്ടുകള്‍ വിഭജിക്കുന്നതിന് ഇടവരുത്തുമായിരുന്നു. ഞങ്ങളുടെ കുടുംബ തര്‍ക്കത്തിനിടെ ബിജെപി ജയിച്ചു കയറും. അത് വേണ്ട. ബിജെപിയുടെ ജയം രാജ്യത്തിന് വളരെ മോശം സന്ദേശം നല്‍കുമെന്നും തോല്‍വി ഉറപ്പുവരുത്തുന്നതിനാണ് താന്‍ പിന്‍വാങ്ങിയതെന്നുമാണ് കന്‍വാര്‍ വിശദീകരിച്ചത്.
ഗോരഖ്പൂരിലും ഫൂല്‍പൂരിലും തിരിച്ചടി നേരിട്ട ബിജെപിക്ക് കൈരാന അഭിമാനപ്രശ്‌നമാണ്. രണ്ടിടത്തും എസ്പി-ബിഎസ്പി കക്ഷികളുമായി ചേരാതെ തനിച്ചുനിന്ന  കോണ്‍ഗ്രസ്സും ഇത്തവണ പാഠം പഠിച്ചിരിക്കുന്നു. മെയ് 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൈരാന ലോക്‌സഭാ, നൂര്‍പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ യഥാക്രമം ആര്‍എല്‍ഡി, എസ്പി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്സും ബിഎസ്പിയും മാത്രമല്ല, എഎപിയും പിന്തുണയ്ക്കുന്നു. കൈരാനയിലെ 17 ലക്ഷത്തോളം വോട്ടര്‍മാരില്‍ 5.5 ലക്ഷം മുസ്‌ലിംകളും 1.5 ലക്ഷം ജാട്ടുകളുമാണ്.
2.5 ലക്ഷം വരുന്ന ദലിതുകളില്‍ ഏറെയും പരമ്പരാഗതമായി ബിഎസ്പിയെ പിന്തുണയ്ക്കുന്ന യാദവരാണ്. ബിജെപി എംപി ഹുക്കും സിങിന്റെ മരണത്തെത്തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സഹതാപ വോട്ടുകള്‍ പ്രതീക്ഷിച്ച് മകള്‍ മൃഗങ്ക സിങിനാണ് പാര്‍ട്ടി സീറ്റ് നല്‍കിയത്.
2017ല്‍ കൈരാന നിയമസഭാ സീറ്റില്‍ എസ്പി സ്ഥാനാര്‍ഥിയോട് മൃഗങ്ക പരാജയപ്പെട്ടിരുന്നു. തബസും ഹസന്‍ 2009ല്‍ ബിഎസ്പി ടിക്കറ്റില്‍ കൈരാനയില്‍ നിന്നു ബിജെപിയുടെ ഹുക്കും സിങിനെ തോല്‍പ്പിച്ചാണ് എംപിയായത്. ഇത്തവണ ആര്‍എല്‍ഡി ടിക്കറ്റില്‍ മല്‍സരിക്കുമ്പോള്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പിന്തുണയ്‌ക്കൊപ്പം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമായിരുന്ന ലോക്ദള്‍ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം കൂടിയാവുമ്പോള്‍ തബസുമിന് വിജയപ്രതീക്ഷ ഏറുന്നു. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും വികസനം കാണുന്ന മുസ്‌ലിം വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തന്നെ പിന്തുണയ്ക്കുമെന്നാണ് സ്ഥാനാര്‍ഥി മൃഗങ്ക സിങിന്റെ പ്രതീക്ഷ. അതേസമയം കൈറാന ലോക്‌സഭാ മണ്ഡലത്തില്‍ വന്‍ സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it