Flash News

കൈയേറ്റമൊഴിപ്പിക്കലിനെ വഴിതിരിക്കരുത്- റവന്യൂ മന്ത്രി



തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൈയേറ്റത്തിനെതിരായ നീക്കം വ്യക്തികളുടെ പേര് പറഞ്ഞു വഴിതിരിക്കരുതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് വ്യക്തികള്‍ പ്രശ്‌നമല്ല. കൈയേറ്റ ലോബികള്‍ നാടിനെ മുടിക്കുകയാണ്. ഇടുക്കിയില്‍ ഭൂരഹിതരുടെ കണക്കെടുക്കും. മൂന്നാറില്‍ ഭൂമി കയേറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചും റവന്യൂ വകുപ്പ് അന്വേഷിക്കും. റവന്യൂ സെക്രട്ടറിക്ക് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കൈയേറ്റക്കാര്‍ക്കെതിരെയും വകുപ്പ് നടപടിക്ക് ഒരുങ്ങുകയാണ്. കൈയേറ്റഭൂമികള്‍ തിരിച്ചെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. വന്‍കിട കൈയേറ്റങ്ങള്‍ ആദ്യം തന്നെ പിടിച്ചെടുക്കും. കൈയേറ്റ ഭൂമി പിടിച്ചെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ പിടിച്ചെടുക്കുന്ന ഭൂമി തദ്ദേശവാസികളായ ഭൂരഹിതര്‍ക്ക് നല്‍കും. ഡോക്യൂമെന്റേഷന്‍ നല്‍കിയാണ് ഇടുക്കി, മൂന്നാര്‍ കൈയേറ്റങ്ങള്‍ നടന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കൈയേറ്റങ്ങള്‍ നടത്തിയത്. അന്ന് കൈയേറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലും സര്‍ക്കാരിന് ഭയമായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it