thrissur local

കൈയേറ്റങ്ങള്‍ ഒഴിപ്പാക്കാനായില്ല; നിര്‍മാണം സ്തംഭനത്തില്‍

ചാലക്കുടി: സര്‍വേ വകുപ്പിന്റെ അനാസ്ഥ മൂലം ചാലക്കുടി-വെള്ളിക്കുളം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. 2017 ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ട റോഡ് നിര്‍മാണം ആറ് മാസം കൂടി അധിക കാലാവധി കൊടുത്തിട്ടും എങ്ങും എത്തിയിട്ടില്ല. ഈ നില തുടര്‍ന്നാല്‍ സര്‍വേ പൂര്‍ത്തിയായി വരുമ്പോഴേക്കും നിര്‍മാണ കാലാവധി അവസാനിക്കുകയും കാലവര്‍ഷം ആരംഭിക്കുകയും ചെയ്യും.
അതോടെ ഇതുവരെയുള്ള  പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാവുകയും ചെയ്യും. ഈ റോഡ് ചാലക്കുടി മുതല്‍ അഞ്ചര മീറ്റര്‍ വീതിയിലും ആറെമുക്കാല്‍ കി.മി.ദൂരത്തിലും മേട്ടിപ്പാടം മാവുചോട് വരെയാണ് നിര്‍മിക്കേണ്ടണ്ടത്. ഇതിനോടൊപ്പം തന്നെ നാലായിരം മീറ്റര്‍ കാന നിര്‍മിച്ച് സ്ലാബിടേണ്ട ചുമതലയും ഉണ്ട്. ടാറിങ്്, കാന നിര്‍മാണം, പഴകിയ കള്‍വെര്‍ട്ടുകള്‍ പൊളിച്ച് പണിയല്‍, റോഡിന്റെ വീതികൂട്ടല്‍ എന്നിവയാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം തയ്യാറാക്കിയ പ്രോജക്റ്റില്‍ ഉണ്ടായിരുന്നത്. ഇതിനായി നബാര്‍ഡിന്റെ അംഗീകാരവും മൂന്നര കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
വെള്ളിക്കുളങ്ങര റോഡ് ജങ്്ഷനില്‍ ബെല്‍മൗത്ത് അടങ്ങിയ രൂപരേഖയില്‍ ആറേമുക്കാല്‍ കിലോമീറ്ററിനുള്ളില്‍ ആറ് കല്‍വര്‍ട്ടുകളാണ് പുതുക്കി പണിയാനുള്ളത്. മഴവെള്ളം ഒഴുകിപോകുന്ന തോടുകള്‍ക്കും ബ്രാഞ്ച് കനാലുകള്‍ക്കും കുറുകെയാണ് കള്‍വെര്‍ട്ടുകള്‍ നിര്‍മിക്കേണ്ടത്. മേട്ടിപ്പാടം, ചൗക്ക, പരിത്തിച്ചിറ, ബ്രൈറ്റ് സ്റ്റാര്‍ ക്ലബ്ബ്, കട്ടിപൊക്കം എന്നിവിടങ്ങളിലാണ് വീതികൂട്ടി കള്‍വെര്‍ട്ടുകള്‍ നിര്‍മിക്കേണ്ടത്. മേട്ടിപാടത്തുള്ള രണ്ട് കള്‍വെര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
ആ മേഖലയില്‍ പുറമ്പോക്കിലും വശങ്ങളിലും ഉണ്ടായിട്ടുള്ള കൈയേറ്റങ്ങള്‍ യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ അധികൃതര്‍ ഒഴിപ്പിച്ചെടുത്തു. എന്നാല്‍ കുട്ടാടന്‍ചിറ മുതല്‍ ഐവിജിഎം ജങ്ഷന്‍ വരെയുള്ള പുറംപോക്കിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂ അധികൃതര്‍ക്കായിട്ടില്ല. പുറംപോക്കുകളില്‍ അനധികൃത ഷെഡുകള്‍ കെട്ടി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുകയാണ്. ഇവ ഒഴിപ്പിക്കാനായി റവന്യു വകുപ്പും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ സമര്‍ദം മൂലം ചാലക്കുടി-വെള്ളിക്കളം റോഡ് സര്‍വ്വെ നടത്തുവാന്‍ തീരുമാനം ഉണ്ടായി. ഇതിന്റെ ഭാഗമായി ജില്ലാ സര്‍വേ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രണ്ടുദ്യോഗസ്ഥര്‍ സര്‍വേ ആരംഭിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയതിനാല്‍ സര്‍വേ നടപടി പ്രവര്‍ത്തികള്‍ പൂര്‍ത്തിയായില്ല. ഇതോടെ സര്‍വേ അനശ്ചിതത്തിലായി.
കാലാവധി നീട്ടിയെങ്കിലും പ്രധാന നിര്‍മാണങ്ങള്‍ പൂര്‍ത്തിയാവാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നതിനാല്‍ സര്‍വേ വകുപ്പിന്റെ അലംഭാവം മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ അനിശ്ചിതത്തിലാണ് ഉദ്യോഗസ്ഥര്‍. ചാലക്കുടി-വെള്ളിക്കുള്ളങ്ങര റോഡിലെ വീതി കുറവ് മൂലം യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അധികൃതര്‍ ഇടപ്പെട്ട് കൈയേറ്റക്കാരെ ഒഴിപ്പിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it