kozhikode local

കൈയേറ്റക്കാര്‍ക്കെതിരേ കല്ലായിപ്പുഴ സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്‌

കോഴിക്കോട്: കഴിഞ്ഞ മഴയില്‍ കോഴിക്കോട് നഗരത്തിലെ വെള്ളപ്പൊക്കത്തിന് ഇടവരുത്തിയ കല്ലായി പുഴ കൈയേറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് കല്ലായിപുഴ സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്്്. നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലേയും മുഴുവന്‍ വെള്ളവും അറബികടലിലേക്ക് ഒഴുകി പോകേണ്ടത്്് കല്ലായി പുഴവഴിയാണെന്നും, പുഴയില്‍ ഉണ്ടായ കൈയേറ്റമാണ് വെള്ളപൊക്കത്തിന് കാരണമെന്നും സമിതി കോടതിയില്‍ ബോധിപ്പിക്കും. പുഴ കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ കലക്ടറുടെ നോതൃത്വത്തില്‍ ശക്തമായ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും കയ്യേറ്റക്കാര്‍ക്ക് ലഭിച്ച കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ മരവിപ്പിക്കപ്പെടുകയായിരുന്നു.
പുഴയിലെ നീരൊഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് കല്ലായി പുഴ കരകവിഞ്ഞതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണം. കൈയേറ്റം കാരണം പുഴ കപ്പി കഴുത്ത് പോലെ ചുരുങ്ങി, മഴ വെള്ളത്തിന് കടലിലേക്ക് ഒഴുകുന്നതിനുള്ള തടസ്സം സൃഷ്ടിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ മഴ വെള്ളം കെട്ടിനിന്നു. വെള്ളത്തിന്റെ അളവ് കൂടിയതോടെ വീടുകള്‍ വെള്ളത്തിലായി. സര്‍ക്കാര്‍ സംവിധാനത്തില്‍ സര്‍വേ നടത്തിയപ്പോള്‍ കല്ലായി പുഴയുടെ തീരങ്ങള്‍ പുഴ പുറംമ്പോക്കാണെന്നും, പുഴയിലും നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സര്‍വെ നടത്തിയ സ്ഥലങ്ങളില്‍ സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ചത് കൈയേറ്റക്കാര്‍ നീക്കം ചെയ്തു. ഇതിനെ തുടര്‍ന്ന്്് ജില്ലാ ഭരണകൂടവും കോര്‍പറേഷനും ചേര്‍ന്നു ‘ജെണ്ട’ കെട്ടാനുള്ള പ്രവൃത്തി ആരംഭിച്ചപ്പോള്‍ കൈയേറ്റക്കാര്‍ ചേര്‍ന്ന് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങുകയായിരുന്നു.
മര വ്യവസായത്തിന്റെ മറവിലാണ് പുഴയിലും പുഴ തീരങ്ങളിലും കയ്യേറ്റങ്ങള്‍ നടന്നത്. കല്ലായിയില്‍ മരമില്ലുകള്‍ നിലനിന്നിരുന്ന നിരവധി സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തി ഗോഡൗണുകളാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നേരത്തെ പാട്ടത്തിന്് നല്‍കിയ സര്‍ക്കാര്‍ പുഴ പുറംമ്പോക്ക് ഭുമികള്‍ വ്യാജ പ്രമാണങ്ങള്‍ തെയ്യാറാക്കി സ്വന്തമാക്കിയവര്‍ നിരവധിയാണെന്ന് സര്‍വെയില്‍ കണ്ടെത്തിയിരുന്നു.
കോഴിക്കോട് നഗരത്തില്‍ ഇനിയൊരു പ്രളയ ദുരന്തമുണ്ടാവാതിരിക്കാന്‍ സന്നദ്ധ സംഘടനകളേയും, റസിഡന്റ്‌സ് അസോസിയേഷനുകളേയും മറ്റു സംഘടനകളേയും ഉള്‍പ്പെടുത്തി പുഴ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാനും പുഴ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്്്. പ്രസിഡണ്ട് എസ് കെ കുഞ്ഞിമോന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി, കുഞ്ഞാവ മാനാംകളം, പി പി ഉമ്മര്‍ കോയ, കെ പി രാധാകൃഷ്ണന്‍, ഇ മുജീബ്, കെ പി മന്‍സൂര്‍ സാലിഹ്,നൂര്‍ മുഹമ്മത്,എസ് വി മുഹമ്മത് അശറഫ് സംസാരിച്ചു.

Next Story

RELATED STORIES

Share it