Editorial

കൈയേറ്റക്കാരോട് എന്താണ് മുഖ്യമന്ത്രിക്ക് ഇത്ര മമത?



സംശുദ്ധഭരണമെന്ന വാഗ്ദാനവും എല്ലാം ശരിയാക്കുമെന്ന അവകാശവാദവുമായാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ഭരണത്തിലേറിയത്. ഇക്കാലത്തിനിടയില്‍ രണ്ടു മന്ത്രിമാര്‍ക്ക് സ്ഥാനത്യാഗം ചെയ്യേണ്ടിവരുകയുണ്ടായി. ഒരാള്‍ ഊഴം കാത്തുനില്‍ക്കുകയുമാണ്. ഡസന്‍കണക്കിന് ഉപദേശകരും എം വി ജയരാജന്‍ അടക്കമുള്ള വിശ്വസ്തരായ പാര്‍ട്ടി സഖാക്കളും ഉണ്ടായിട്ടും ഒന്നും ശരിയാവുന്നില്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്നതിലാണ് പിണറായി സര്‍ക്കാരിന്റെ മികവ് എത്തിനില്‍ക്കുന്നത്. കൈയേറ്റക്കാരോട് പ്രത്യേക മമത കാട്ടുന്നത് ഈ സര്‍ക്കാരിന്റെ പ്രധാന ദൗര്‍ബല്യമാണെന്നു കരുതാവുന്ന സംഭവങ്ങളുടെ ഒരു പരമ്പര തന്നെ പിണറായി ഭരണകാലത്തുണ്ടായി.മൂന്നാര്‍ കൈയേറ്റമാണ് ഒന്നാമത്തേത്. കൈയേറ്റ മാഫിയക്കെതിരേ റവന്യൂ മന്ത്രിയുടെയും ശ്രീറാം വെങ്കിട്ടരാമനെ പോലുള്ള ഉദ്യോഗസ്ഥരുടെയും ആത്മാര്‍ഥത നിറഞ്ഞ നീക്കങ്ങള്‍ക്കു തടയിട്ടത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളുമായിരുന്നു എന്ന കാര്യം രഹസ്യമല്ല. റവന്യൂ മന്ത്രിയെ മറികടന്ന് കൈയേറ്റക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി എം എം മണിയെ നിയോഗിച്ചതും മുഖ്യമന്ത്രി നേരിട്ടാണ്. പള്ളിയെയും പട്ടക്കാരെയും മാധ്യമങ്ങളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും വിളിച്ചുകൂട്ടി മൂന്നാര്‍ പാക്കേജ് എന്ന പേരില്‍ പ്രഹസനമാടിയത് ഒരു പഴങ്കഥ മാത്രം. ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥരെ റവന്യൂ മന്ത്രിയുടെ തലയ്ക്കു മുകളിലൂടെ സ്ഥലംമാറ്റുകയായിരുന്നു. മാര്‍ത്താണ്ഡം കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയുടെ കഥയാണ് കേരളം പിന്നീട് കേട്ടത്. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപോര്‍ട്ടും റവന്യൂ മന്ത്രിയുടെ ശക്തമായ നിലപാടും മറികടന്ന് ചാണ്ടിയെ സംരക്ഷിക്കാനാണ് ഇവിടെയും മുഖ്യമന്ത്രി ശ്രമിച്ചത്. ഇനിയും താന്‍ നികത്തുമെന്നും ഒരു അന്വേഷണ സംഘത്തിനും തനിക്കു നേരെ ചെറുവിരലനക്കാന്‍ കഴിയില്ലെന്നും മന്ത്രി ചാണ്ടി പരസ്യമായി നിയമത്തെയും ജനങ്ങളെയും വെല്ലുവിളിച്ചപ്പോഴും മുഖ്യമന്ത്രി മൗനത്തില്‍ അടയിരിക്കുകയായിരുന്നു. ഘടകകക്ഷിയായ സിപിഐയുടെ എതിര്‍പ്പും ഹൈക്കോടതിയുടെ വിമര്‍ശനവും മാധ്യമങ്ങളുടെ ജാഗ്രതയും തോമസ് ചാണ്ടി വിഷയത്തില്‍ ഒരു നിലപാടെടുക്കാന്‍ ഇടതുമുന്നണിയെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടുകൊണ്ടുള്ള ധാരണയാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.ഏറ്റവും ഒടുവിലത്തേതാണ് ഇടത് സ്വതന്ത്ര എംപിയായ ജോയ്‌സ് ജോര്‍ജിന്റെ പേരില്‍ ഉയര്‍ന്ന കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം. എംപിയുടെ പേരിലെ ഭൂമിയുടെ പട്ടയം റദ്ദുചെയ്തിരിക്കുകയാണിപ്പോള്‍. വിവാദം ഉയര്‍ന്നപ്പോള്‍ എംപിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ നടത്തിയ പരാമര്‍ശം ഇപ്പോള്‍ അദ്ദേഹത്തെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. ജോയ്‌സ് ജോര്‍ജിന്റെ പിതാവിന്റെ പേരിലുള്ള ഭൂമിയാണ് അദ്ദേഹത്തിനു ലഭിച്ചതെന്നായിരുന്നു പിണറായിയുടെ സാക്ഷ്യം. പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന വസ്തുതകള്‍ അതല്ല. എംപിയുടെ പിതാവ് ഭൂമി കൈക്കലാക്കിയതില്‍ ക്രമക്കേടുണ്ടെന്നാണ് റവന്യൂ രേഖകള്‍ തെളിയിക്കുന്നത്. ചുരുക്കത്തില്‍, സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുമുള്ള കൈയേറ്റക്കാര്‍ക്ക് അനുകൂലമായ പരസ്യ നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊള്ളുന്നത്.
Next Story

RELATED STORIES

Share it