കൈയേറ്റക്കാരുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെയല്ല: ചെന്നിത്തല

മൂന്നാര്‍: ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളും കൈയേറ്റക്കാരുടെ പ്രശ്‌നങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സംഘത്തിന്റെ കൊട്ടക്കാമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി മൂന്നാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് എല്ലായിപ്പോഴും കുടിയേറ്റക്കാര്‍ക്കൊപ്പമാണ്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫിനില്ല. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റം വസ്തുതയാണ്. അതിനു സര്‍ക്കാരിന്റെ ഒത്താശയുണ്ട്. കൈയേറ്റമല്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണം. മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിന്റേത്. കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കണം. വന്‍കിടക്കാര്‍ക്കായി കര്‍ഷകരെ മറയാക്കരുത്. വന്‍കിടക്കാരെ സംരക്ഷിക്കുന്ന സിപിഎം നിലപാട് തുറന്നുകാട്ടും. അത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. കൈയേറ്റക്കാരെ കൂടെയിരുത്തിക്കൊണ്ടാണ് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയത്. സംഘത്തിലുണ്ടായിരുന്ന മൂന്ന് മന്ത്രിമാരും മൂന്ന് റിപോര്‍ട്ടാണ് കൊടുത്തത്. വന്‍കിടക്കാരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ലോകപ്രശസ്തമായ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കുന്നെന്നും അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിച്ച വേളയിലാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. നീലക്കുറിഞ്ഞി ഉദ്യാനം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി പരാതികളും കേട്ടു. വി കെ ഇബ്രാഹിം കുഞ്ഞ്, വി ഡി സതീശന്‍, കെ പി മോഹനന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it