Flash News

കൈയേറ്റം: ട്രൈബ്യൂണല്‍ ഉടന്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ്



കോട്ടയം: ദേവസ്വം ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഫലപ്രദമായി നടത്തുന്നതിനും നഷ്ടമായ ദേവസ്വം ഭൂമി വീണ്ടെടുക്കുന്നതിനും എത്രയുംവേഗം ദേവസ്വം ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ട്രൈബ്യൂണലെടുക്കുന്ന തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യംചെയ്യാനാവാത്ത തരത്തില്‍ ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടിയ ട്രൈബ്യൂണലാവണം രൂപീകരിക്കേണ്ടത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് നിയമനിര്‍മാണമുണ്ടാവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്തു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള 700 ക്ഷേത്രങ്ങളിലെ 7,500 ഓളം ഏക്കര്‍ ഭൂമി അനധികൃതമായി കൈയേറിയിരിക്കുകയാണ്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശപ്പെടുത്തിയ എരുമേലി ദേവസ്വം, പശ്ചിമദേവസ്വം, ചെറുവള്ളി ദേവസ്വം എന്നിവയുടെ ഭൂമി തിരികെ ലഭിക്കണം. ഹാരിസണ്‍ അനധികൃതമായി ദേവസ്വം ഭൂമി കൈവശംവച്ചിരിക്കുകയാണെന്ന് സ്‌പെഷ്യല്‍ ഓഫിസര്‍ രാജമാണിക്യത്തിന്റെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, റിപോര്‍ട്ടിന് നിയമസാധുതയില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ രാജമാണിക്യം റിപോര്‍ട്ട് നടപ്പാക്കി ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it