കൈയേറ്റം ഒഴിപ്പിക്കണമെന്ന വഖ്ഫ് ബോര്‍ഡ് ഉത്തരവ് ശരിവച്ചു

കൊച്ചി: കാക്ക—നാട്ടെ പടമുഗള്‍ പള്ളിക്ക് വഖ്ഫ് മുഖേന ലഭിച്ച ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന വഖ്ഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസറുടെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും ഉത്തരവ് ഹൈക്കോടതിയും ശരിവച്ചു. ഭൂമി വര്‍ഷങ്ങളായി തന്റെ കൈവശമുള്ളതും പള്ളികമ്മിറ്റി തനിക്ക് വില്‍പന നടത്തിയിട്ടുള്ളതുമാണെന്നു ചൂണ്ടിക്കാട്ടി ബോര്‍ഡിന്റെയും ട്രൈബ്യൂണലിന്റെയും ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്ളികമ്മിറ്റി ഭാരവാഹികൂടിയായ സെയ്ത് മുഹമ്മദ് സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളി. 1987ല്‍ പുതിയ പള്ളി നിര്‍മിക്കാന്‍ കമ്മിറ്റി തീരുമാനിച്ചതിനു പിന്നാലെ തന്നില്‍ നിന്ന് 8,750 രൂപ കൈപ്പറ്റി വാക്കാല്‍ വില്‍പന നടത്തിയെന്നാണ് ഹരജിക്കാരന്‍ വാദിച്ചത്. ഇതിനുശേഷം നിലമായിരുന്ന സ്ഥലം നികത്തി വര്‍ക്‌ഷോപ്പ് ഉള്‍പ്പെടെ നിര്‍മിച്ചു. കൈയേറ്റം ആരോപിച്ച് പള്ളികമ്മിറ്റി ഭാരവാഹിയായ അബ്ദുല്‍ സലാം എന്നയാളാണ് വഖ്ഫ് ബോര്‍ഡിനെ സമീപിച്ചത്. സ്വകാര്യ വ്യക്തിയുടേത് കൈയേറ്റമാണെന്നും ഒഴിപ്പിക്കണമെന്നും ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉത്തരവിട്ടു. ഇതിനെതിരേ സെയ്ത് മുഹമ്മദ് നല്‍കിയ ഹരജി ട്രൈബ്യൂണല്‍ തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വഖ്ഫ് ഭൂമി കൃഷിയാവശ്യമെന്ന നിലയ്ക്ക് വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതായും വില്‍പനയിലൂടെ ഇപ്പോള്‍ സ്ഥലം തന്റേതായെന്നും ഉത്തരവുകള്‍ നിലനില്‍ക്കുന്നതല്ലെന്നു പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.
Next Story

RELATED STORIES

Share it