കൈമടക്ക് നല്‍കിയാലേ കാര്യം നടക്കൂ എന്ന രീതി മാറണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് കൈമടക്ക് നല്‍കിയാലേ കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന രീതിയില്‍ മാറ്റംവേണമെന്നും ഇതു കണ്ടില്ലെന്നു നടിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ജിഒ യൂനിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുതാര്യമായ സിവില്‍ സര്‍വീസ് ഉറപ്പാക്കുകയാണു ലക്ഷ്യം. ജീവനക്കാരിലൂടെയാണു സര്‍ക്കാരിന്റെ സ്വഭാവം ജനങ്ങള്‍ മനസ്സിലാക്കുന്നത്. സേവനം കാലതാമസമില്ലാതെ ജനങ്ങളിലെത്തിക്കണം. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കണം. ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മോശമല്ല. എന്നാല്‍, ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാവില്ല. ഇതൊരു പ്രത്യേക മാനസികാവസ്ഥയാണ്. ഇത്തരം ദുര്‍വൃത്തികളെ ജീവനക്കാര്‍ തന്നെ എതിര്‍ക്കണം.
ആദ്യഘട്ടത്തില്‍ അത്തരക്കാരെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. ആവര്‍ത്തിച്ചാല്‍ മുകളിലേക്ക് റിപോര്‍ട്ട് ചെയ്യണം. മാറാന്‍ തയ്യാറല്ലാത്തവര്‍ അതിന്റെ ഫലമനുഭവിക്കും. ജീവനക്കാര്‍ നിയമാനുസൃതമായി ചെയ്യുന്ന ഏതുകാര്യത്തിനും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഉണ്ടാവും. വികസിത കേരളത്തിനായി സിവില്‍ സര്‍വീസിനെ അടിമുടി നവീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it