kannur local

കൈപ്പാട് കൃഷിയുടെ സമഗ്ര വികസനത്തിന് 10 കോടി

പഴയങ്ങാടി: കൈപ്പാട് നെല്‍ കൃഷിയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനുമായി ആദ്യഘട്ട വിഹിതമായി 10.23 കോടി രൂപ അനുവദിച്ചു. കൈപ്പാട് കൃഷി വികസന്തതിനും കല്ല്യാശേരി മണ്ഡലത്തിലെ പട്ടുവം, എഴോം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേരള ലാന്റ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേന നബാര്‍ഡിനു 24 കോടി രൂപയുടെ പദ്ധതി സമര്‍പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ട വിഹിതമായാണ് 10,23,51000 കോടി രൂപ അനുവദിച്ചത്.
കൈപ്പാട് കൃഷിക്ക് ഏറെ സാധ്യതയുള്ളതും ഇപ്പോള്‍ കൃഷി ചെയ്യുന്നതുമായ ഈ പഞ്ചായത്തുകളില്‍ കൈപാട് നിലങ്ങള്‍ പൂര്‍ണമായും കൃഷി യോഗ്യമാക്കാനും അതിന്റെ സംഭരണ സംസ്‌കരണ വിതരണ യൂനിറ്റുകളും പദ്ധതി മുഖേന ആരംഭിക്കും. കൈപാട് കൃഷി റിസര്‍ച്ച് ഫെസിലിയേഷന്‍ ട്രെയിനിങ് സെന്ററും ഇതിന്റെ ഭാഗമായി ആരംഭിക്കും.
പട്ടുവം, എഴോം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളെ അടിസ്ഥാനപ്പെടുത്തി പടന്നക്കാട് കാര്‍ഷിക കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി വനജയുടെ നേതൃത്വത്തിലാണ് കൈപാട് നെല്‍ കൃഷിയുടെ സമഗ്ര വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതി തയ്യാറാക്കിയത്. പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനു മുന്നോടിയായി 2015 മെയ് 10നു കൈപ്പാട് പദ്ധതി പ്രദേശം ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു.
കാര്‍ഷികോല്‍പാദക കമ്മീഷണര്‍ സുബ്രതോ ബിശ്വാസ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അജിത്ത് കുമാര്‍, കേരള ലാന്റ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജര്‍ ദിനേശന്‍, ഡോ. ടി വനജ, ജനപ്രതിനിധികള്‍ എന്നിവരും കൂടെയുണ്ടായിരുന്നു. നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി അംഗീകാരം ലഭിച്ചതെന്ന് ടി വി രാജേഷ് എംഎല്‍എ അറിയിച്ചു.
Next Story

RELATED STORIES

Share it