കൈനാട്ടി വാഹനാപകടം: നാലുപേരുടെയും മയ്യിത്ത് ഖബറടക്കി

തലശ്ശേരി: വടകര കൈനാട്ടി മുട്ടുങ്ങല്‍ കെഎസ്ഇബി ഓഫിസ് പരിസരത്ത് കെണ്ടയ്‌നര്‍ ലോറിയിലിടിച്ചു മരിച്ച കാര്‍ യാത്രക്കാരായ പുന്നോല്‍ സ്വദേശികളായ നാലു യുവാക്കളുടെയും മയ്യിത്ത് ഖബറടക്കി. പുന്നോല്‍ പരേങ്ങാട്ട് ഹാരിസിന്റെ മകന്‍ സഹീര്‍ (19), റൂഫിയാ മന്‍സിലില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ (18), മഷ്‌കൂര്‍ വീട്ടില്‍ ഇസ്മാഈലിന്റെ മകന്‍ മുഹമ്മദ് അനസ് (19), കുറിച്ചി റെയില്‍വേ ഗേറ്റിനു സമീപത്തെ സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത്ത് (20) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചത്.
ബംഗളൂരുവില്‍ കച്ചവടം നടത്തുന്ന മുഹമ്മദ് തലത്തിന്റെ കാറിലാണ് നാലുപേരും തിങ്കളാഴ്ച വൈകീട്ടോടെ യാത്ര തിരിച്ചിരുന്നത്. വടകര-കോഴിക്കോട് ഭാഗത്ത് കാറില്‍ യാത്ര ചെയ്ത് ഓണ്‍ലൈന്‍ വ്യാപാരം നടത്തിയ ശേഷം പുന്നോലിലേക്ക് തിരിച്ചുവരുമ്പോഴാണ് കൈനാട്ടി മുട്ടുണ്ടലില്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന ചാക്യത്ത് മുക്കിലെ തല്‍ഹത്ത് (20) ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കൂട്ടിയിടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ തല്‍ഹത്ത് അപകടനില തരണം ചെയ്തിട്ടുണ്ട്.
പരയന്നാട്ട് ഹാരിസ്-താഹിറ ദമ്പതികളുടെ മകനായ സഹീര്‍ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മാഹി ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥിയായ മുഹമ്മദ് അനസ് എം പി ഇസ്മാഈലിന്റെ മകനാണ്. അനസിന്റെ സ്‌കൂട്ടര്‍ തലശ്ശേരി നഗരത്തില്‍ നിര്‍ത്തിയിട്ടാണ് സുഹൃത്തുക്കളോടൊപ്പം കാറില്‍ പോയത്. മുഹമ്മദ് തലത്ത് മാഹി സഹകരണ കോളജില്‍ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. പിതാവ് ഇസ്മാഈല്‍ സൗദിയിലാണ്. റൂമിയ മന്‍സിലില്‍ നൗഷാദിന്റെ മകനായ നിഹാലും പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് ഒരുങ്ങുകയാണ്.
ഗ്രാമത്തെ നടുക്കിയ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പുന്നോല്‍ ടൗണില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍, ന്യൂ മാഹി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വി ചന്ദ്രദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം സി പവിത്രന്‍, അഡ്വ. പി വി സൈനുദ്ദീന്‍, സി പി ഷൈജന്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ എ സി ജലാലുദ്ദീന്‍, സി കെ ഉമര്‍ മാസ്റ്റര്‍ തുടങ്ങി സഹപാഠികള്‍ ഉള്‍പ്പെടെ വിവിധ തുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it