കൈതപ്പുഴ കൃത്രിമ ദ്വീപ് ; നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ ഉത്തരവ്

മരട്: കൈതപ്പുഴ കൃത്രിമ ദ്വീപ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ ഉത്തരവു നല്‍കി. എറണാകുളം ജില്ലയില്‍ കുമ്പളം പഞ്ചായത്തിന്റെ പരിധിയിലുള്ള കൈതപ്പുഴ കായലില്‍ വളന്തകാട് ദ്വീപിന് സമീപത്ത് കായലിനു നടുവിലാണ് ഏഴ് ഏക്കര്‍ കൈയേറി കൃത്രിമ ദ്വീപ് നിര്‍മാണം നടന്നത്.
സംഭവം മാധ്യമങ്ങളില്‍ വിവാദമായതിനെത്തുടര്‍ന്ന് നികത്തിക്കൊണ്ടിരുന്ന സ്ഥലം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സുഹാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോജ്, കുമ്പളം വില്ലേജ് ഓഫിസര്‍ രാജു, പനങ്ങാട് എസ്‌ഐ പ്രജീഷ് എന്നിവര്‍ ചേര്‍ന്ന് സന്ദര്‍ശിച്ചു. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കലക്ടര്‍ക്ക് ഇന്നലെ റിപോര്‍ട്ട് സമര്‍പ്പിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 13 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ആര്‍ഡിഒ ഉത്തരവിടുകയും ഇത് സംബന്ധമായ റിപോര്‍ട്ട് തയ്യാറാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കുന്നതിനും തീരുമാനമായി.
അതേസമയം, പഞ്ചായത്തിന്റെ അനാസ്ഥയാണ് നികത്തലുകള്‍ക്ക് കാരണമെന്നും നികത്തുന്ന സ്ഥലം പൂര്‍ണമായും കായലിലാണെന്നും ആര്‍ഡിഒ സുഹാസ് പറഞ്ഞു.
ഫൈവ് ഫാക്ട് നഗറില്‍ പട്ടാഴത്ത് വീട്ടില്‍ പൗലോസ് മകന്‍ ബോബന്‍ പോളിന്റെ പേരില്‍ 2006ല്‍ രജിസ്റ്റര്‍ ചെയ്ത നിലമായിട്ടാണ് രേഖകളില്‍ ഉള്ളത്. എന്നാല്‍ വില്ലേജോഫിസര്‍ക്ക് നികത്തിക്കൊണ്ടിരിക്കുന്ന സ്ഥലം ഇയാളുടെ പേരിലുള്ളതാണോ എന്നും സംശയമുണ്ട്. ഇയാളുടെ പേരിലുള്ള സ്ഥലത്തിന്റെ സ്‌കെച്ചില്‍ കായലിന് നടുവിലായിട്ടാണ് സ്ഥലമുള്ളതായി കാണിക്കുന്നത്. വളന്തകാട് ദ്വീപ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഈ ഭാഗത്ത് സ്വകാര്യ കമ്പനികള്‍ ബോട്ട് സര്‍വീസുകളും മറ്റും ആരംഭിക്കുകയുമുണ്ടായി. നിരവധി പേരാണ് ദ്വീപ് സന്ദര്‍ശിക്കുന്നതിനും സൗന്ദര്യം നുകരുന്നതിനുമായി എത്താറുള്ളത്.
Next Story

RELATED STORIES

Share it