kozhikode local

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാര്‍ അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ ക്വാറി നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ജീവനക്കാര്‍ അറസ്റ്റില്‍. രാരോത്ത് വില്ലേജ് ഓഫിസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ ബഷീര്‍, വില്ലേജ് ഫില്‍ഡ് അസിസ്റ്റന്റ് രാഘേഷ് കുമാര്‍ എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി ജി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. താമരശ്ശേരി അമ്പായത്തോട്ടിലെ ക്വാറി നടത്തിപ്പുകാരില്‍ നിന്നും മൂന്ന് ക്വാറികള്‍ക്ക് പതിനഞ്ച് ലക്ഷമാണ് സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ട് ക്വാറിക്ക് അഞ്ച് ലക്ഷം നല്‍കാമെന്ന് അറിയിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് വിവരം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം അമ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കാമെന്ന് അറിയിക്കുകയും ക്വാറി നടത്തിപ്പുകാരനായ ശിവകുമാര്‍ ഇന്ന് ഉച്ചയോടെ വില്ലേജ് ഓഫിസിലെത്തി പണം കൈമാറുകയുമായിരുന്നു. ഇത് ബഷീര്‍ വാങ്ങി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ രാഘേഷ് കുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ വിജിലന്‍സ് സംഘം വില്ലേജോഫിസിലെത്തി അലമാരയില്‍ ഒളിപ്പിച്ചു വച്ച പണം കണ്ടെടുത്തു.
അഞ്ച് ലക്ഷത്തിന് പുറമെ പ്രതിമാസം നിശ്ചിത സംഖ്യ വില്ലേജ് ഓഫിസില്‍ എത്തിക്കണമെന്നും സംഖ്യ എത്രയാണെന്ന് പിന്നീട് അറിയിക്കാമെന്നും ബഷീര്‍ പറഞ്ഞിരുന്നതായി ശിവകുമാര്‍ പറഞ്ഞു. നേരത്തെ പ്രവര്‍ത്തിച്ചു വന്ന ക്വാറികള്‍ക്ക്പാരിസ്ഥിക അനുമതിക്കായി ഹൈക്കോടതി ഉത്തരവ് പ്രകാരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനു അപേക്ഷ നല്‍കിയപ്പോയാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസറായ ബശീര്‍ 15 ലക്ഷം രൂപയും മാസാമാസം മാമൂലും ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it