കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ അറസ്റ്റില്‍

മൂവാറ്റുപുഴ: ഓഫിസില്‍ വച്ച് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ വി ആര്‍ മോഹനന്‍ പിള്ളയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വീട്ടൂര്‍ വാരിക്ലായില്‍ മാത്യു ഡാനിയേലില്‍നിന്ന് പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. വിജിലന്‍സിനെ കണ്ട് കൈക്കൂലി പണം ആര്‍ഡിഒ വലിച്ചെറിയുകയും കസേരയെടുത്ത് നിലത്തടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, പുറത്തുകാത്തുനിന്ന വിജിലന്‍സ് ആര്‍ഡിഒയെ പിടികൂടുകയായിരുന്നു.
എറണാകുളം വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് എറണാകുളം ബ്യൂറോ ഡിവൈഎസ്പി എം എന്‍ രമേശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൈക്കൂലിയായി ലഭിച്ച പണം ബാത്ത്‌റൂമില്‍ കയറി ഉറപ്പുവരുത്തി പുറത്തേക്കു വരുന്നതിനിടെയായിരുന്നു ആര്‍ഡിഒയെ കുടുക്കിയത്. ഇതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയില്‍നിന്ന് കുതറി മാറുന്നതിനിടെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കൈവിരലിന് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആറുമാസം മുമ്പാണ് കാഞ്ഞിരപ്പിള്ളി സ്വദേശിയായ മോഹനന്‍പിള്ള മൂവാറ്റുപുഴയില്‍ ആര്‍ഡിഒയായി നിയമിതനായത്. അടുത്തവര്‍ഷം ഡിസംബറില്‍ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്. വിജിലന്‍സിന്റെ മോശം ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളയാളായിരുന്നു അറസ്റ്റിലായ ആര്‍ഡിഒയെന്ന് ഡിവൈഎസ്പി പറഞ്ഞു. അറസ്റ്റിലായ ആര്‍ഡിഒയെ ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it