ernakulam local

കൈക്കൂലി വാങ്ങിയെന്ന കേസ്: പോലിസ് ഉദ്യോഗസ്ഥന് കഠിന തടവും പിഴയും

കൊച്ചി: മോഷണക്കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണ്‍ വ്യാപാരിയില്‍ നിന്ന് 15000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ എസ്‌ഐ അടക്കം രണ്ടു പോലിസ് ഉദ്യോഗസ്ഥരെ ഹൈക്കോടതി വെറുതെവിട്ടു. ഒരു പോലിസ് ഉദ്യോഗസ്ഥന് വിചാരണ കോടതി വിധിച്ച കഠിന തടവും പിഴ ശിക്ഷയും ശരിവെച്ചു.
2007 ജനുവരി-ഫെബ്രുവരി കാലത്ത് സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന, നിലവില്‍ അങ്കമാലി പോലിസ് സ്‌റ്റേഷനിലെ എസ്‌ഐയായ വി എം കേര്‍സണ്‍, 2007 ജനുവരി-ഫെബ്രുവരി കാലത്ത് മുളവുകാട് പോലിസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന ആന്റണി ക്രോണിസ് എന്നിവരെയാണ് വിജിലന്‍സ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി വെറുതെ വിട്ടത്. സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സി ആര്‍ സന്തോഷ് എന്ന ഉദ്യോഗസ്ഥനെയാണ് ശിക്ഷിച്ചത്. 2007ല്‍ നഗരത്തിലെ ഒരു മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് കൂപ്പണ്‍ കടയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് കൊല്ലത്തെ മൊബൈല്‍ റീച്ചാര്‍ജ് വ്യാപാരികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. കൊല്ലത്തെ വ്യാപാരികള്‍ വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഒരുക്കിയ കെണിയിലാണ് മൂന്നു പേരും പിടിയിലാവുന്നത്. ഒന്നാം പ്രതിയായ സന്തോഷില്‍ നിന്ന് 15000 രൂപ പിടിച്ചെടുത്തിരുന്നു.
ഫിനോഫ്തലീന്‍ പരിശോധനയും ഇയാള്‍ക്കെതിരെ തെളിഞ്ഞു. അഴിമതി വിരുദ്ധ നിയമത്തിലെ 13(2),13(1) (ഡി) വകുപ്പുകള്‍ പ്രകാരം എല്ലാ പ്രതികളും ഒരു വര്‍ഷം കഠിനതടവും 2000 രൂപ പിഴ ശിക്ഷയും അനുഭവിക്കണമെന്നും മറ്റു വകുപ്പുകള്‍ പ്രകാരം ഒന്നും രണ്ടും പ്രതികള്‍ ആറു മാസം വീതം കഠിനതടവും 1000 രൂപ വീതം പിഴശിക്ഷയും അനുഭവിക്കണമെന്നും വിചാരണക്കോടതി 2011 ഒക്ടോബര്‍ 18ന് ഉത്തരവിട്ടു.
ഈ വിധിക്കെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്. മൊബൈല്‍ റീച്ചാര്‍ജ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത മഷ്‌റഫ് എന്നയാളെ ചോദ്യം ചെയ്തപ്പോള്‍ കൊല്ലത്തെ വ്യാപാരികളുടെ വിവരം ലഭിച്ചെന്നും അതിന്‍ പ്രകാരം അവിടെ പോയപ്പോള്‍ വിജിലന്‍സ് കുടുക്കുകയായിരുന്നു എന്നാണ് പ്രതികള്‍ വാദിച്ചത്.
അറസ്റ്റ് ചെയ്യാന്‍ പോയവര്‍ എന്തിനാണ് പണം വാങ്ങിയതെന്ന് ഹൈക്കോടതി ചോദിച്ചു.സന്തോഷില്‍ നിന്ന് 15000 രൂപ പിടിച്ചെടുത്തു എന്നത് വിചാരണക്കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടുണ്ട്. പക്ഷെ, വി എം കേര്‍സണില്‍ നിന്ന് പണമൊന്നും പിടിച്ചെടുത്തിട്ടില്ല. അയാളില്‍ ഫിനോഫ്തലീന്‍ പരിശോധന തെളിഞ്ഞുമില്ല. അയാള്‍ പോലിസ് സംഘത്തില്‍ അംഗമായിരുന്നത് കൊണ്ടുമാത്രം ശിക്ഷിക്കാനാവില്ല. അയാള്‍ പണം ചോദിച്ചതിന് യാതൊരു തെളിവുമില്ല. അതിനാല്‍ അയാള്‍ ഈ കേസില്‍ ശിക്ഷിപ്പെടേണ്ടയാളല്ലെന്ന് ഹൈക്കോടതി പറഞ്ഞു.
രണ്ടാം പ്രതി ആന്റണി ക്രോണിസില്‍ നിന്നും പണമൊന്നും പിടിച്ചെടുക്കാനായില്ല. പക്ഷെ, ഫിനോഫ്തലീന്‍ ടെസ്റ്റ് വിജയിച്ചു. ഇയാളുടെ സാഹചര്യങ്ങള്‍ സംശയാസ്പദമാണെങ്കിലും കോടതിക്ക് ശിക്ഷിക്കാനാവുക തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതിനാല്‍ തന്നെ അയാളെയും വെറുതെ വിടുകയാണ്. കുറ്റം തെളിഞ്ഞ സി ആര്‍ സന്തോഷിന്റെ ശിക്ഷയില്‍ കോടതി ആറുമാസം ഇളവും അനുവദിച്ചു. എല്ലാ ശിക്ഷയും ഇയാള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it