കൈക്കൂലി: റെയില്‍വേ കമ്മീഷണര്‍ക്ക് തടവ്

കൊച്ചി: ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കൈക്കൂലി വാങ്ങിയ കേസില്‍ റെയില്‍വേഡിവിഷനല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്ക് തടവും പിഴയും. പാലക്കാട് ഡിവിഷനല്‍ കമ്മീഷണര്‍ ഭരത്‌രാജ് മീണയെയാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ബി കലാം പാഷ അഞ്ചു കേസുകളില്‍ ശിക്ഷിച്ചത്.
സ്ഥലംമാറ്റത്തിനായി ജീവനക്കാരനോട് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. മറ്റൊരു കേസില്‍ മൂന്നു പേരോട് തുക വാങ്ങിയതിന് മൂന്നു വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ചു. മൂന്നു പേരില്‍ നിന്ന് സ്ഥലംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട മറ്റൊരു കേസില്‍ മൂന്നു വര്‍ഷത്തെ തടവും 75,000 രൂപയുടെ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. രണ്ട് പേരോട് കൈക്കൂലി വാങ്ങിയ നാലാമത്തെ കേസില്‍ രണ്ടു വര്‍ഷത്തെ തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മൂന്നു പേരില്‍ നിന്ന് കൈക്കൂലി വാങ്ങിയ അഞ്ചാമത്തെ കേസിലും മൂന്നു വര്‍ഷത്തെ തടവും 75,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ജീവനക്കാരുടെ സ്ഥലംമാറ്റം ശരിയാക്കി നല്‍കാനാണ് മീണ കൈക്കൂലി ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it