Flash News

കൈക്കൂലി മുടങ്ങിയപ്പോള്‍ ഷുഭിതനായ എസ്‌ഐ ലോറികള്‍ക്ക് അമിത പിഴ ഈടാക്കി

കൈക്കൂലി മുടങ്ങിയപ്പോള്‍ ഷുഭിതനായ എസ്‌ഐ ലോറികള്‍ക്ക് അമിത പിഴ ഈടാക്കി
X


പത്തനംതിട്ട: പതിവായി കിട്ടുന്ന കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ ഹൈവേ പട്രോളിങ് സംഘത്തിലെ എസ്‌ഐ എംസാന്‍ഡ് കമ്പനിയുടെ രണ്ടു ലോറികള്‍ പിടികൂടി വന്‍തുക പിഴ ഈടാക്കി. കമ്പനി ഉടമകള്‍ എസ്‌ഐ തങ്ങളില്‍ നിന്ന് ആഴ്ചതോറും ഈടാക്കിയിരുന്ന പടിയുടെ കണക്കും ക്യാമറദൃശ്യങ്ങളും സഹിതം ജില്ലാ ാേപാലീസ് മേധാവിക്ക് പരാതി നല്‍കി. ഇയാള്‍ക്കെതിരേ നാളെ നടപടിയുണ്ടായേക്കും. തിരുവല്ല-വടശേരിക്കര റൂട്ടിലുള്ള ഹൈവേ പട്രോളിങ് സംഘത്തിലെ എസ്‌ഐ അനിരാജാണ് കുടുങ്ങിയിരിക്കുന്നത്. പത്തനംതിട്ട-മൈലപ്ര റോഡില്‍ താഴേവെട്ടിപ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്എം എം സാന്‍ഡ് കമ്പനി ഉടമകളാണ് എസ്‌ഐക്ക് എതിരേ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ നിന്നും ആഴ്ച തോറുമാണ് എസ്‌ഐക്ക് പടി നല്‍കിയിരുന്നത്. 4000 രൂപയാണ് ചോദിച്ചതെന്ന് കമ്പനി ഉടമകള്‍ എസ്പിക്ക് നല്‍കിയ പരാതിയിലുണ്ട്.  ബുധനാഴ്ച ദിവസമാണ് പടി കൈപ്പറ്റിക്കൊണ്ടിരുന്നത്.  അന്ന് കിട്ടാതെ വന്നപ്പോള്‍ ഇന്നലെ ഔദ്യോഗിക വാഹനത്തില്‍ തന്നെ എസ്.ഐ പണം കൈപ്പറ്റാന്‍ ചെന്നു. കിട്ടാതെ വന്നപ്പോള്‍ റോഡിലിറങ്ങി കമ്പനിയുടെ രണ്ട് ലോറികള്‍ പിടികൂടുകയും പല കാരണം പറഞ്ഞ് വന്‍ തുക പിഴ ഈടാക്കുകയും ആയിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം കമ്പനി ഉടമകള്‍ എസ്പിയെ സമീപിച്ച് പരാതി നല്‍കി. എസ്‌ഐയ്ക്ക് നല്‍കിയിരുന്ന പണത്തിന്റെ കണക്ക് ഇവര്‍ അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പും എസ്പിക്ക് നല്‍കി. ഇതിന് പുറമേ ഔദ്യോഗിക വാഹനത്തില്‍ പടി ചോദിക്കാന്‍ വന്ന എസ്‌ഐയുടെ ക്യാമറാ ദൃശ്യങ്ങളും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പി സതീഷ് ബിനോ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ എസ്പി പികെ ജഗദീശിന് കൈമാറി. ഡിവൈഎസ്പി ഇന്ന് രാവിലെ ഇതു സംബന്ധിച്ച് തെളിവെടുത്തു. വൈകിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്‌ഐ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് വിവരം. ഡിജിപിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എസ്പി തിരുവനന്തപുരത്താണ്. നാളെ മടങ്ങി എത്തിയാലുടന്‍ എസ്‌ഐക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചനയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

[related]
Next Story

RELATED STORIES

Share it