Flash News

കൈക്കൂലി കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കും



ന്യൂഡല്‍ഹി: കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മുന്‍ ജഡ്ജി കൈക്കൂലി വാങ്ങിയ കേസില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കേസില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കും. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു മുന്‍ ജഡ്ജി കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്  പ്രമുഖ അഭിഭാഷക കാമിനി ജയ്‌സ്വാള്‍  സമര്‍പ്പിച്ച ഹരജിയിലാണു നടപടി. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് അബ്ദുന്നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.ഇന്നലെ രാവിലെ 12.45നാണ് കേസ് ജസ്റ്റിസ് ചെലമേശ്വരന്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ എത്തിയത്. തുടര്‍ന്ന് വാദം കേള്‍ക്കാന്‍ തയ്യാറായ ബെഞ്ച് കേസ് ഗൗരവമേറിയതാണെന്നും ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ വാദം കേള്‍ക്കാനിരിക്കുന്ന കേസില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിന് കക്ഷിയില്‍ നിന്നു വലിയ തുക കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്ന് സിബിഐ എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹരജിക്കാരിക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ബെഞ്ചിനു മുന്നില്‍ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതിയിലും ഒഡീഷ ഹൈക്കോടതിയിലും സേവനം ചെയ്തിരുന്ന മുന്‍ ജഡ്ജി ഐ എം ഖുദ്ദുസിയാണ് സുപ്രിംകോടതിയിലെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് കക്ഷിയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. കേസില്‍ സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം അനുവദിക്കുന്നതിന് സഹായകമായ രീതിയില്‍ കേസ് കൈകാര്യം ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ജാമ്യം അനുവദിക്കുന്നതിനെ സിബിഐ കോടതിയില്‍ എതിര്‍ത്തിരുന്നില്ല. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ദവെ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് ഭരണഘടനാ ബെഞ്ചിന് കൈമാറിക്കൊണ്ട് കോടതി ഉത്തരവിട്ടത്.
Next Story

RELATED STORIES

Share it