thiruvananthapuram local

കൈക്കുഞ്ഞുമായെത്തിയ യുവതിയെകൊണ്ട് തറ തുടപ്പിച്ചു ; കുറ്റക്കാരിയായ നഴ്‌സിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യം



മെഡിക്കല്‍കോളജ്: എസ്എടി ആശുപത്രിയില്‍ കുഞ്ഞിന് ചികില്‍സ തേടിയെത്തിയ യുവതിയെകൊണ്ട് തറ തുടപ്പിച്ചതായി ആക്ഷേപം. കുട്ടിയുടെ ചര്‍ദ്ദില്‍ യുവതിയെകൊണ്ട് നഴ്‌സിങ് റൂമിലുണ്ടായിരുന്ന നഴ്‌സ് നിര്‍ബന്ധിച്ച് തുടപ്പിച്ചതായാണ് പരാതി. ഇന്നലെ പുലര്‍ച്ചെയായിരിന്നു സംഭവം. പനിയും ശ്വാസമുട്ടലും അനുഭവപ്പെട്ടിരുന്ന കൈക്കുഞ്ഞുമായി ചികില്‍സ തേടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയ്ക്കാണ് ഈ ദുരനുഭവം. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കുത്തിവെയ്‌പ്പെടുക്കുന്നതിനായി നഴ്‌സ്മാരുടെ മുറിയില്‍ എത്തവേ അമ്മയുടെ കൈയിലിരുന്ന കുട്ടി ഛര്‍ദിച്ചു. ഇത് ശ്രദ്ധയില്‍പെട്ട നഴ്‌സ്  മാതാവിനോട് തറ മുഴുവന്‍ വൃത്തിയാക്കിയ ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞു.  എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ മോശമാണെന്നും അതിനാല്‍ കഴിയില്ലെന്നു പറഞ്ഞെങ്കിലും നഴ്‌സ് കൂട്ടാക്കാന്‍ തയാറായില്ല. തുടര്‍ന്ന് യുവതിയുടെ കൈയിലെ ബാഗ് പിടിച്ചുവാങ്ങി വയ്ച്ചതോടെ രോഗിയായ കുട്ടിയെയും തോളില്‍കിടത്തി യുവതി തറ തുടച്ചു. അതിനിടെ കൈയില്‍ കരുതിയിരുന്ന മരുന്ന് തറയില്‍വീണ് പൊട്ടുകയും ചെയ്തു. ശുചീകരണ തൊഴിലാളികളുടെ കുറവുമൂലമാണ് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നാണ് നഴ്‌സിന്റെ വിശദീകരണം. അതേസമയം സംഭവം വിവാദമായതോടെ പ്രശ്‌നം ഒതുക്കിതീര്‍ക്കാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍.
Next Story

RELATED STORIES

Share it