Flash News

കൈകോര്‍ക്കാം

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: സമാന ചിന്താഗതിക്കാരായ രാഷ്ട്രീയപ്പാര്‍ട്ടികളെ ഒരുമിപ്പിച്ച് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ വിശാല സഖ്യം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്. അതിനായി പൊതുപ്രവര്‍ത്തന പരിപാടി രൂപീകരിക്കുമെന്നും എഐസിസി പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കി. പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി തയ്യാറാക്കിയ പ്രമേയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് അവതരിപ്പിച്ചത്.
ആര്‍എസ്എസിനും ബിജെപിക്കുമെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് പ്രമേയത്തിലുള്ളത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്ത സംഘപരിവാരം രാജ്യത്തെ ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുകയാണ്. ഭീകരതയ്‌ക്കെതിരായ നടപടികള്‍ ഉപയോഗിച്ച് രാജ്യത്തെ ആര്‍എസ്എസ് തകര്‍ക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കരുത്. പകരം ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണം ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധമാണ്. കൂറുമാറ്റക്കാരെ ആറു വര്‍ഷത്തേക്ക് അയോഗ്യരാക്കണമെന്ന നിയമം പാസാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കുന്ന പാക്കേജ് അനുവദിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപണവിധേയനായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഗുരുതരമായ അഴിമതിയാണ് നടന്നത്. ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണം. ജുഡീഷ്യല്‍ പരിഷ്‌കാരവും സുപ്രിംകോടതി ജഡ്ജിമാരുടെ വെളിപ്പെടുത്തലുകളില്‍ അടിയന്തര പരിഹാരവും വേണം. ഭക്ഷണസ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങള്‍ സംരക്ഷിക്കണം. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ജനവിധികള്‍ ഹൈജാക്ക് ചെയ്യുകയാണ്. വനിതാ സംവരണ ബില്ല് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് പാസാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
രാഷ്ട്രീയ പ്രമേയത്തിനു പുറമേ കാര്‍ഷിക-വിദേശകാര്യ-സാമ്പത്തിക പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it