കേസ് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലേക്കു മാറ്റും

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ വിവാദത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട കേസ് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലേക്കു മാറ്റാന്‍ നടപടികള്‍ തുടങ്ങി.
കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണു പുതിയ കോടതിയിലേക്കു മാറ്റാന്‍ ശ്രമം. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇക്കാര്യം കോടതിയെ അറിയിച്ചിട്ടില്ല. ബാര്‍കോഴയില്‍ അഴിമതിയാരോപണത്തിനു വിധേയനായ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് അന്നു പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ സ്പീക്കറെ ഡയസില്‍ തടയാ ന്‍ നടത്തിയ അതിക്രമങ്ങളുടെ പേരിലെടുത്ത കേസുകളാണ് എറണാകുളം പ്രത്യേക കോടതിയിലേക്കു മാറ്റുന്നത്.
ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കാലതാമസം കൂടാതെ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന സുപ്രിംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എറണാകുളത്തു പ്രത്യേക കോടതി ആരംഭിച്ചത്.
നിലവില്‍ തിരുവനന്തപുരം സിജെഎം കോടതിയാണു കേസ് പരിഗണിക്കുന്നത്. 2015 മാര്‍ച്ച് 13ന് ബജറ്റ് അവതരണ വേളയിലാണ് സംഘര്‍ഷം ഉണ്ടായത്. ഇന്നത്തെ ചില മന്ത്രിമാരും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീല്‍, ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണു പ്രതികള്‍.
അതിനിടെ, ധനമന്ത്രി തോമസ് ഐസക്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട, 2014ലെ മ്യൂസിയം എസ്‌ഐയെ കൈയേറ്റം ചെയ്ത സംഭവത്തിലെ കേസ് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലേക്കു മാറ്റിയിട്ടുണ്ട്.
Next Story

RELATED STORIES

Share it