Flash News

കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മുന്‍ജഡ്ജി കൈക്കൂലി വാങ്ങിയ കേസ്‌ : രണ്ടംഗ ബെഞ്ചിന്റെ ഉത്തരവുകള്‍ ഭരണഘടനാ ബെഞ്ച് റദ്ദാക്കി



ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു മുന്‍ ജഡ്ജി കൈക്കൂലി വാങ്ങിയ കേസില്‍ കോടതിയില്‍ നാടകീയരംഗങ്ങള്‍. കേസ് കഴിഞ്ഞദിവസം ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ ഉത്തരവുകള്‍ ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് അസാധാരണ നടപടിയിലൂടെ റദ്ദാക്കി.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതാവ് റോയ്, ജസ്റ്റിസ് എ എം ഖാന്‍ വില്‍ക്കാര്‍, ആര്‍ കെ അഗര്‍വാള്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്  ജസ്റ്റിസ് ജെ ചെലമേശ്വറിന്റെയും ജസ്റ്റിസ് എ കെ സിക്രിയുടെയും നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയത്. വിഷയത്തില്‍ ഇന്നലെ ചീഫ് ജസ്റ്റിസിനെ മാറ്റിനിര്‍ത്തി ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ ബെഞ്ച്, ഭരണഘടനാ ബെഞ്ച് രൂപീകരിച്ചെങ്കിലും ഏതു ബെഞ്ചാണ് വാദംകേള്‍ക്കേണ്ടതെന്നു തീരുമാനിക്കാന്‍ ചീഫ് ജസ്റ്റിസിന് മാത്രമാണ് അധികാരമെന്നു വ്യക്തമാക്കിയാണ് ഉത്തരവ് റദ്ദാക്കിയത്. അതേസമയം, കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ ഈ കേസില്‍ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസിനെ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയതിനെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ എതിര്‍ത്തു സംസാരിക്കുകയും കോടതിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ജാര്‍ഖണ്ഡിലെ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ജഡ്ജി കൈക്കൂലി വാങ്ങിയെന്ന കേസില്‍ സുപ്രിംകോടതിയിലെ ജഡ്ജിമാര്‍  ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരായിരുന്നു. ഈ കേസുകള്‍ കഴിഞ്ഞദിവസം ജസ്റ്റിസ് ജെ ചെലമേശ്വര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചും ഇന്നലെ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ രണ്ടംഗ ബെഞ്ചും പരിഗണിക്കുകയും കേസ് കേള്‍ക്കാന്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടിയന്തരമായി ഏഴംഗ ബെഞ്ച് രൂപീകരിക്കുകയും ഉച്ചയ്ക്ക് മൂന്നിന് ഈ ഉത്തരവുകള്‍ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.  ചീഫ് ജസ്റ്റിസ് രൂപീകരിച്ച ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവര്‍ പിന്‍മാറി. തുടര്‍ന്ന് അഞ്ചംഗ ബഞ്ച് കേസ് പരിഗണിക്കുകയായിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ ഇതേ കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആരോപണ വിധേയനാണെന്നും അതിനാല്‍  കേസില്‍ നിന്ന് പിന്‍മാറണമെന്നും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍  ആവശ്യപ്പെട്ടു. തുടര്‍ന്നു പ്രശാന്ത് ഭൂഷണെതിേര ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തുവന്നു. ഇതോടെ ഭൂഷണിന്റെ നടപടി കോടതി അലക്ഷ്യമാണെന്നു ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരേ എഫ്‌ഐആറില്‍ പരാമര്‍ശമില്ലെന്നു ചീഫ് ജസ്റ്റിസ് വിശദീകരിക്കുകയും ചെയ്തു. തുടര്‍ന്നു തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കുമെങ്കില്‍ അതു നടക്കട്ടെയെന്നു വെല്ലുവിളിച്ച് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. അഭിഭാഷകര്‍ തമ്മില്‍ പരസ്പരം ബഹളമായി. പ്രശാന്ത് ഭൂഷണിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ കോടതി രണ്ടംഗ ബെഞ്ചുകളുടെ രണ്ട് ഉത്തരവുകള്‍ അസാധുവാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it