ernakulam local

കേസ് അവസാനിപ്പിക്കാന്‍ പോലിസ്; സംശയങ്ങളുമായി ജനങ്ങള്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയ അന്യസംസ്ഥാനതൊഴിലാളിയുടെ കേസ് അവസാനിപ്പിക്കാന്‍ പോലിസിന് ധൃതി. കൂടുതല്‍ അന്വേഷണം നടത്താതെ ആത്മഹത്യയാക്കി മാറ്റാനാണ് നീക്കമെന്നറിയുന്നു. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാത്തതാണ് പോലിസിനെ ഏറെ വലച്ചത്.
എന്നാല്‍ ഉത്തരേന്ത്യന്‍ തൊഴിലാളിയുടെ മരണത്തിന് പിറകെ പോകാന്‍ സന്നദ്ധസംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ താല്‍പര്യമില്ലാത്തത് മുതലെടുത്താണ് പോലിസ് കേസില്‍ അലംഭാവം കാട്ടുന്നത്. കൊലപാതകത്തെത്തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയവര്‍ക്കുള്ള സാമാന്യസംശയങ്ങള്‍ക്ക് പോലും വ്യക്തമായ ഉത്തരമോ വിശദീകരണമോ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാനാവുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലിസ്.
മരണവെപ്രാളത്തില്‍ പെട്ടെന്ന് തന്നെ രക്ഷപ്പെടാന്‍ ഒരാള്‍ക്ക് കഴിയുന്ന വിധത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ കാലുകള്‍ കുത്താവുന്ന സ്ഥലത്താണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച രക്തക്കറയുളള കോടാലിയും ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ആദ്യം കോടാലി ഉപയോഗിച്ച് ആദ്യം മരിക്കാന്‍ ശ്രമിച്ചതായിരിക്കാമെന്നാണ് പോലിസിന്റെ ഭാഷ്യം.
മൃതദേഹം വലിച്ച് നീക്കിയത് പോലെയുളള രക്തക്കറയും സമീപത്ത് കണ്ടെത്തിയിരുന്നു. ദേഹത്ത് മര്‍ദ്ദനങ്ങള്‍ ലഭിച്ചതായുളള പാടുകളോ സൂചനകളോ ഇല്ലെന്നാണ് ഇതുസംബന്ധിച്ച പോലിസിന്റെ ന്യായീകരണം.
മരിച്ചയാളുടെ കഴുത്തില്‍ കണ്ടെത്തിയ മുറിവ് ആദ്യം കോടാലി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നും ഇതില്‍ പരിജയപ്പെട്ടതിനെത്തുടര്‍ന്നാണ് കഴുത്തില്‍ കുടുക്കിട്ട് ആത്മഹത്യ ചെയ്തതെന്നുമാണ് പോലിസ് പറയുന്നത്. എന്നാല്‍ വലിയ ഒരു മുറിവുണ്ടായിട്ട് അതിന്റെ മുകളില്‍ തന്നെ കുടുക്കിട്ട് വേദന സഹിച്ച് മരണത്തെ വരിക്കുന്നയാളുടെ മാനസികാവസ്ഥയും ഉത്തരം ലഭിക്കാത്ത ചോദ്യമാവുകയാണ്. മരണമറിഞ്ഞ് എത്തിയ പോലിസ്‌നായ ബസ് സ്റ്റാന്റിന് പിറക് വശത്ത് ഉത്തരേന്ത്യന്‍ ഹിജഡകള്‍ താമസിക്കുന്ന ഭാഗത്തേക്ക് ചെന്നിരുന്നു. എന്നാല്‍ ഇവരില്‍ നിന്നും സംശയിക്കത്തക്ക രീതിയില്‍ ഒന്നും ലഭിച്ചില്ലെന്നറിയിച്ച് കസ്റ്റഡിയില്‍ എടുത്തവരെ പോലിസ് അന്ന് തന്നെ പറഞ്ഞയച്ചിരുന്നു.
കഴിഞ്ഞ  ദിവസം രാത്രി ഇവിഎം തീയേറ്ററിന് സമീപം ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ രണ്ടു സംഘമായി തിരിഞ്ഞ് അടിപിടിയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണോ കൊലപാതകമെന്ന് പോലിസ് സംശയിച്ചിരുന്നു. എന്നാല്‍ ഇതുമായി മരണത്തിനു യാതൊരു ബന്ധവുമില്ലെന്നാണ് പോലിസ് ഔദ്യോഗികമായി അറിയിക്കുന്നത്.   കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം കണ്ടെത്തിയത്. ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്‌സുമായിരുന്നു മരിച്ചയാളുടെ വേഷം. കറുത്ത ലുങ്കി കൊണ്ട് കഴുത്തു മുറുക്കിയ നിലയിലായിരുന്നു. വായയില്‍ നിന്നും രക്തം വന്നിരുന്നു. മരിച്ചു കിടന്നിടത്തു നിന്നും ലഭിച്ച സഞ്ചിയില്‍ നിന്നും ചെറിയ മഴുവും രക്തം പുരണ്ട ലുങ്കിയും ലഭിച്ചിരുന്നു. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമെത്തി മൃതദേഹം പരിശോധിച്ചിരുന്നു. മരിച്ചയാള്‍ ഒഡീഷാ സ്വദേശിയാണെന്നാണ് പോലിസ് കരുതുന്നത്.
ഉത്തരേന്ത്യക്കാരുടെ ഗള്‍ഫായി മാറിയ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാതെ ദിനംപ്രതി നിരവധി പേരാണ് ഇങ്ങോട്ടേക്കെത്തുന്നത്. നാളുകള്‍ക്ക് മുമ്പ് രാജ്യത്തെ നടുക്കിയ ജിഷ കൊലക്കേസില്‍ പ്രതിയായ ഉത്തരേന്ത്യന്‍ തൊഴിലാളിയായ അമീറുള്‍ ഇസ്‌ലാമിന് കോടതി വധശിക്ഷയ്ക്ക് ശിക്ഷിച്ചിട്ടും ഇവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it