Flash News

കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു : അന്വേഷണ സംഘത്തിനെതിരേ ഗുരുതര കണ്ടെത്തല്‍



തിരുവനന്തപുരം: സോളാര്‍ കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമിച്ചതായി കമ്മീഷന്റെ കണ്ടെത്തല്‍. ഗുരുതരമായ പല കണ്ടെത്തലുകളും ആരോപണങ്ങളും അന്വേഷണസംഘം പരിശോധിച്ചില്ലെന്നാണ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സരിത നായര്‍ക്കെതിരേ പരാതി നല്‍കിയ സജാദിന്റെ പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ കേസുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഉമ്മന്‍ചാണ്ടിയോട് വിവരങ്ങള്‍ ആരായുകപോലും അന്വേഷണസംഘം ചെയ്തിരുന്നില്ലെന്ന് കണ്ടെത്തലിലുണ്ട്. മാത്രമല്ല ഉമ്മന്‍ചാണ്ടിക്ക് സരിത നായരുമായി യാതൊരു ബന്ധവുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്വേഷണസംഘം ശ്രമിക്കുകയും ചെയ്തു. ഇതിനു വിശദീകരണമായി ക്രിമിനല്‍ കേസുകളുടെ അന്വേഷണം മാത്രമാണ് തങ്ങള്‍ നടത്തിയതെന്ന നിലപാടാണ് അന്വേഷണസംഘം കമ്മീഷനു മുമ്പില്‍ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ നിയമസഭാ ചര്‍ച്ചകളും മറ്റുവിവരങ്ങളും സംഘം അവഗണിച്ചു. സരിത നായരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫിന്റെ നമ്പറുകളിലേക്കും അദ്ദേഹത്തിന്റെ ലാന്റ് ഫോണിലേക്കും വന്ന കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം അവഗണിച്ചതിനു ന്യായീകരണമില്ല. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ സംഘം, പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ സമാന്തര അന്വേഷണം നടത്തിയത് കമ്മീഷന്‍ വിമര്‍ശിച്ചു. സരിത എസ് നായരെ പത്തനംതിട്ട ജില്ലാ ജയിലില്‍ ഹാജരാക്കിയപ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന കത്തിനെപ്പറ്റി മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വിശദീകരണം ലഭിച്ചിരുന്നു. എന്നാല്‍, ആ കത്ത് പിടിച്ചെടുക്കുവാനോ അതിന്റെ വിശദീകരണം ആരായുവാനോ അന്വേഷണസംഘം ശ്രമിച്ചിരുന്നില്ലെന്നും റിപോര്‍ട്ടിലുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണ്‍ കോളുകള്‍ സലിംരാജിന്റെ ചുമലില്‍ കെട്ടിവച്ച് മറ്റുള്ളവര്‍ ഒഴിഞ്ഞുമാറി. ടെന്നി ജോപ്പനെയും പ്രതിയാക്കിയതോടെ മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള നിരവധിപേരുടെ പേരുകള്‍ കേസില്‍ പരാമര്‍ശിച്ചില്ല. അതിനാല്‍ തന്നെ അന്വേഷണ സംഘത്തലവന്‍ എ ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലാണ് സോളാര്‍ കമ്മീഷന്‍ നടത്തിയിട്ടുള്ളത്.
Next Story

RELATED STORIES

Share it