കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നു പോലിസ്

തിരുവനന്തപുരം: പാലക്കാട് മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ചട്ടം ലംഘിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു പോലിസ്. സ്‌കൂളിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശമില്ലെന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും വ്യക്തമാക്കി. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ക്രിമിനില്‍ കേസടക്കം രജിസ്റ്റര്‍ ചെയ്യുന്നതു പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പൊതു വിദ്യാഭ്യാസ വകുപ്പിനും പാലക്കാട് എസ്പിയോടും നിര്‍ദേശിച്ചതായ വാര്‍ത്തകള്‍ക്കു പിന്നാലെയാണു പുതിയ വെളിപ്പെടുത്തല്‍. കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്നു പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും അറിയിച്ചു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണു സംഭവം. സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി പതാക ഉയര്‍ത്താന്‍ അനുവദിക്കരുതെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം മറികടന്നായിരുന്നു മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ ദേശീയഗാനത്തിനു പകരം വന്ദേമാതരം ആലപിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് കേസെടുക്കണമെന്ന് അന്നത്തെ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ജില്ലാ പോലിസ് മേധാവിയോട് നിര്‍ദേശിച്ചിരുന്നു. പിന്നീടു റിപോര്‍ട്ട് നല്‍കിയ പി മേരിക്കുട്ടിയെ ജില്ലാ കലക്ടര്‍ സ്ഥാനത്തു നിന്ന് കാരണംകാണിക്കാതെ മാറ്റി. സര്‍ക്കാരിന്റെ ഈ നടപടി ഏറെ വിവാദമായിരുന്നു. അതിനിടെയാണു കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ആരംഭിച്ച ദിവസമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത വന്നത്. പ്രതിനിധി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ചോദ്യങ്ങളൊന്നുമുയര്‍ന്നതുമില്ല. ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. വരുന്ന റിപബ്ലിക് ദിനത്തിലും ആര്‍എസ്എസ് മേധാവി പാലക്കാട്ടെത്തുന്നുണ്ട്. അന്നും മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ട്.
Next Story

RELATED STORIES

Share it