കേസും അറസ്റ്റും പാഠമായില്ല; ഇക്കുറിയും കള്ളവോട്ട്

ഹനീഫ എടക്കാട്

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ആരോപണമില്ലാതെ തിരഞ്ഞെടുപ്പ് കഴിയാറില്ല. ഇതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതിയ സംഭവവുമല്ല. കോണ്‍ഗ്രസ്സാണ് പലപ്പോഴായി ആരോപണവുമായി രംഗത്തെത്താറുള്ളത്. ആരോപണം ഉന്നയിക്കുക എന്നതില്‍ കവിഞ്ഞ് പിന്നെ തുടര്‍നടപടികള്‍ ഉണ്ടാവാറില്ല.
എന്നാല്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുക മാത്രമല്ല, അതിന്റെ തെളിവുകള്‍ കൂടി പുറത്തുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞു. ഇതിനായി കോടതികള്‍ കയറിയിറങ്ങി. അതിന് ഫലവുമുണ്ടായി. കള്ളവോട്ടിന് കൂട്ടുനിന്ന 11 പോളിങ് ഓഫിസര്‍മാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കള്ളവോട്ടു ചെയ്ത പാര്‍ട്ടിപ്രവര്‍ത്തകരും പിടിയിലായി. ഇരു മുന്നണികളില്‍പ്പെട്ടവര്‍ പിടിയിലായി എന്നതും ശ്രദ്ധേയം. കോടതി നിര്‍ദേശപ്രകാരം 26 സിപിഎം പ്രവര്‍ത്തകര്‍ക്കും 20 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്തു.
അതുകൊണ്ടു തന്നെ ഇക്കുറി കള്ളവോട്ട് ആരോപണം ഉയരില്ലെന്നായിരുന്നു പൊതുവില്‍ കരുതിയത്. പകരം ഓപണ്‍വോട്ട് ദുരുപയോഗം കൂടുമെന്നായിരുന്നു ആശങ്ക. രണ്ടും അസ്ഥാനത്തായില്ല. പാര്‍ട്ടി കേന്ദ്രങ്ങളില്‍ കള്ളവോട്ട് നിര്‍ബാധം നടന്നു. വലിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും കാഴ്ചകുറവൊന്നുമില്ലാത്ത 'അവശരായവരുടെ' ഓപണ്‍വോട്ടും നന്നായി നടന്നു. പോളിങ് ദിവസം തന്നെ കള്ളവോട്ടിന് ശ്രമിച്ചതിന് മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പോലിസ് പിടിയിലുമായി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പകുതിയിലധികം ബൂത്തിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. വെബ്കാസ്റ്റിങ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. വെബ്കാസ്റ്റിങ് ദൃശ്യങ്ങളാണോ പുറത്തായതെന്ന് അറിയില്ലെന്നും അന്വേഷിക്കുമെന്നും ജില്ലാകലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
പിണറായി പഞ്ചായത്തിലെ അഞ്ച് ബൂത്തുകളില്‍ കള്ളവോട്ടിന് പ്രിസൈഡിങ് ഓഫിസര്‍മാര്‍ കൂട്ടുനിന്നെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഒരാള്‍ രണ്ടിലധികം വോട്ടുചെയ്യുന്നത് ബൂത്ത്ഏജന്റുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രിസൈഡിങ് ഓഫിസര്‍മാര്‍ ചെവികൊണ്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎം ഭയംകൊണ്ടാണോ പ്രതിപത്തി കൊണ്ടാണോ ഓഫിസര്‍മാര്‍ കള്ളവോട്ടിന് കൂട്ടുനിന്നതെന്നതും അന്വേഷിക്കേണ്ടതാണ്.
കള്ളവോട്ട് തടയുന്നതില്‍ വീഴ്ച വരുത്തുകയോ സഹായം ചെയ്യുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുെന്നങ്കിലും പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങളില്‍ കള്ളവോട്ട് ഇക്കുറിയും നടന്നുവെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it