Cricket

കേശവ് മഹാരാജിന് എട്ട് വിക്കറ്റ്; ശ്രീലങ്ക പൊരുതുന്നു

കേശവ് മഹാരാജിന് എട്ട് വിക്കറ്റ്; ശ്രീലങ്ക പൊരുതുന്നു
X


കൊളംബോ:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. ഇന്നലെ ടോസ് സ്വന്തമാക്കി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 277 റണ്‍സെന്ന നിലയിലാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജിന്റെ തകര്‍പ്പന്‍ ബൗളിങാണ് ആദ്യ ഇന്നിങ്‌സില്‍ ലങ്കയ്ക്ക് വില്ലനായത്. ഇന്നലെ പുറത്തായ ഒമ്പത് താരങ്ങളില്‍ എട്ട് പേരേയും മടക്കിയാണ് താരം പ്രോട്ടിയന്‍സ് ടീമിന്റെ നെടുംതൂണായത്. 32 ഓവര്‍ എറിഞ്ഞ മഹാരാജ് ആറ് മെയ്ഡനുകള്‍ സ്വന്തമാക്കി 116 റണ്‍സ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്.  ഇതോടെ ശ്രീലങ്കന്‍ മണ്ണില്‍ ഒരു സന്ദര്‍ശന ടീമിന്റെ  സ്പിന്നറുടെ ഏറ്റവും മികച്ച പ്രകടനം എന്ന റെക്കോഡ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറുടെ പേരിലായി.  താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. കൊളംബോയിലെ വരണ്ട പിച്ചില്‍ രണ്ടാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ലങ്കയക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഗുണതിലകയും(57) കരുണരത്‌നെയും(53) ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 116 റണ്‍സാണ് അടിച്ചെടുത്തത്. തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക ലങ്കാദഹനത്തിന് ചുക്കാന്‍ പിടിച്ചത്. പിന്നീടുള്ള എട്ട് വിക്കറ്റുകള്‍ 161 റണ്‍സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ലങ്കയ്ക്ക് നഷ്ടമായത്. 60 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. പിന്നീട് വന്നവരെയൊക്കെ സ്പിന്നര്‍ മഹാരാജ് നിലയുറപ്പിക്കും മുമ്പ് മടക്കിയതോടെ ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി 277 റണ്‍സിലേക്ക് ചുരുങ്ങുകയായിരുന്നു. 16 റണ്‍സെടുത്ത അഖില ധനഞ്ജയയും 5 റണ്‍സെടുത്ത സുരംഗ ലക്മാലുമാണ് ക്രീസില്‍.  ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന വിക്കറ്റ് കഗീസോ റബാദയും സ്വന്തമാക്കി.
Next Story

RELATED STORIES

Share it