thiruvananthapuram local

കേഴ്‌വിശക്തിയില്ലാത്തവര്‍ക്ക് ലാപ്‌ടോപ്പ് നല്‍കണം : മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം:  കേള്‍വി ശക്തിക്കും സംസാരത്തിനും വൈകല്യമുള്ളവര്‍ക്ക് ടോക്കിങ് സൗകര്യത്തോടു കൂടിയ ലാപ്‌ടോപ്പും സ്‌കാനറും പ്രിന്ററും സൗജന്യമായി നല്‍കാന്‍ തിരുവനന്തപുരം നഗരസഭക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. നൂറുശതമാനം ബധിരയായ പെണ്‍കുട്ടിയുടെ പിതാവ് എസ് സജീവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവ്. തിരുവനന്തപുരം പോളിടെക്‌നിക്കില്‍ നിന്നും കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ പാസായ പെണ്‍കുട്ടിക്ക് വേണ്ടിയാണ് പരാതി നല്‍കിയത്.  കോഴിക്കോട്, കൊച്ചി നഗരസഭകളും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കാഴ്ച, കേള്‍വിശക്തി ഇല്ലാത്തവര്‍ക്ക് ലാപ്‌ടോപ്പ് സൗജന്യമായി നല്‍കുന്നുണ്ട്.  എന്നാല്‍ തിരുവനന്തപുരം നഗരസഭ മാത്രം നല്‍കുന്നില്ല. കമ്മീഷന്‍ നഗരസഭാ സെക്രട്ടറിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.  12 ാം പഞ്ചവത്സരപദ്ധതി പ്രകാരം കാഴ്ച കുറഞ്ഞവര്‍ക്ക് ടോക്കിംഗ് സംവിധാനത്തോടുകൂടിയ ലാപ്‌ടോപ്പ് വാങ്ങി നല്‍കാനും കേള്‍വിശക്തി കുറഞ്ഞവര്‍ക്ക് ശ്രവണസഹായികള്‍ നല്‍കാനും പദ്ധതിയുണ്ടെന്ന് നഗരസഭ അറിയിച്ചു. എന്നാല്‍ ശ്രവണ വൈകല്യമുള്ളവര്‍ക്ക് ടോക്കിംഗ് ലാപ്‌ടോപ്പ് വാങ്ങി നല്‍കാന്‍ പദ്ധതിയില്ലെന്നും നഗരസഭ അറിയിച്ചു.  തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ശ്രവണ-സംസാര വൈകല്യമുള്ള നിര്‍ദ്ധനരായ നിരവധിയാളുകള്‍ താമസിക്കുന്നതിനാല്‍ ഇവര്‍ക്ക് കൂടി പ്രയോജനകരമായ രീതിയില്‍ മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുള്ളതായി നഗരസഭ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it