കേരള ഹൗസ് റെയ്ഡ്: രാജ്‌നാഥ് സിങിനു ഖേദം

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: പശുവിറച്ചി വിളമ്പിയെന്ന വ്യാജ ആരോപണത്തെത്തുടര്‍ന്ന് ഡല്‍ഹി പോലിസ് അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ കേരള ഹൗസ് കാന്റീനില്‍ റെയ്ഡ് നടത്തിയ നടപടിയില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതു സംബന്ധിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണുമെന്നും സംഭവത്തില്‍ തന്റെ ഖേദം മുഖ്യമന്ത്രിയെ അറിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി പോലിസ് കേരള ഹൗസില്‍ നടത്തിയ റെയ്ഡ് ദൗര്‍ഭാഗ്യകരമാണ്. പോലിസിനു വ്യാജ പരാതി നല്‍കിയ ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയ്‌ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കത്തയച്ചതിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന്റെ പ്രതികരണം. അതേസമയം, കേരള ഹൗസ് സംഭവത്തില്‍ തെറ്റുപറ്റിയതായി പരോക്ഷമായി സമ്മതിക്കുന്ന തരത്തിലുള്ള സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം ഡല്‍ഹി പോലിസ് പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളുടെ ഭവനുകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് റസിഡന്റ് കമ്മീഷണറുടെയോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി വാങ്ങണമെന്ന് ഡല്‍ഹി പോലിസിലെ സീനിയര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപക് മിശ്ര ഒപ്പുവച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കുലറിന്റെ ആദ്യവരിയില്‍ തന്നെ കേരള ഹൗസ് സംഭവത്തില്‍ പോലിസുകാര്‍ അനുമതി തേടാതിരുന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. അതേസമയം, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കേരള ഹൗസ് ജീവനക്കാരെ ട്രാവന്‍കൂര്‍ ഹൗസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it