കേരള ഹൗസ്: ഒരാള്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: കേരള ഹൗസ് മാട്ടിറച്ചി വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മോഹിത് രാജ്പുത്(25) ആണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്തയുടെ കൂട്ടാളിയാണ് ഇയാള്‍. പൂര്‍വ ഡല്‍ഹിയിലെ ലക്ഷ്മിനഗര്‍ സ്വദേശിയായ രാജ്പുതിനെ കൊണാട്ട്‌പ്ലേസ് പോലിസാണ് അറസ്റ്റ് ചെയ്തത്. കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്ന തെറ്റായ വിവരം പറഞ്ഞു പോലിസിനെ വിളിച്ചതിനാണ് കേസെടുത്തത്. രാജ്പുതാണ് കേരള ഹൗസിലെത്തി ബഹളമുണ്ടാക്കിയത്. ഇയാള്‍ വിവരമറിയിച്ചതനുസരിച്ചാണ് വിഷ്ണുഗുപ്ത പോലിസിനെ വിളിച്ചത്. അന്വേഷണത്തില്‍ കേരള ഹൗസില്‍ പോത്തിറച്ചിയാണ് വിളമ്പിയതെന്നു തെളിഞ്ഞു.

അതേസമയം, കേരള ഹൗസ് കാന്റീനില്‍ പശുവിറച്ചി വിളമ്പുന്നുണ്ടെന്ന വ്യാജപരാതി നല്‍കിയതിന് അറസ്റ്റിലായ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്തയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ഇദ്ദേഹത്തെ നാലു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തില്‍ പോലിസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഐപിസി 182ാം വകുപ്പനുസരിച്ച് പോലിസ് ഇയാള്‍ക്കെതിരേ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഡല്‍ഹിയിലെ തിലക് നഗറില്‍ നിന്നാണ് പോലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്ത് വൈദ്യപരിശോധനയ്ക്കു ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെയാണ് വിഷ്ണുഗുപ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കശ്മീരില്‍ ഹിതപരിശോധന വേണമെന്നു പ്രസ്താവന നടത്തിയതിന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ അദ്ദേഹത്തിന്റെ ഓഫിസില്‍ കയറി ആക്രമിച്ച സംഭവത്തില്‍ പോലിസ് ഇദ്ദേഹത്തെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, വിഷ്ണുഗുപ്തയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്നലെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ അഞ്ചു ഹിന്ദുസേനാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
Next Story

RELATED STORIES

Share it