കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോല്‍സവം: ഇന്നു തിരിതെളിയും

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോല്‍സവത്തിനും സാംസ്‌കാരികോല്‍സവത്തിനും ഇന്നു തൃശൂരില്‍ തുടക്കമാവും. രാവിലെ 11നു സാഹിത്യ അക്കാദമി അങ്കണത്തില്‍ നടക്കുന്ന ചടങ്ങി ല്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ എസ് രാമകൃഷ്ണന്‍ പുസ്തകോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്‌കാരിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും എഴുത്തരങ്ങ് സാംസ്‌കാരികോല്‍സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായരും നിര്‍വഹിക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍, എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ബി എം സുഹ്‌റ, ടി കെ വാസു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ സന്തോഷ് സംസാരിക്കും. പുസ്തകോല്‍സവത്തില്‍ 55 പ്രസാധകരെ പ്രതിനിധീകരിച്ച് 90 സ്റ്റാളുകള്‍ ഉണ്ടാകും. പുസ്തകോല്‍സവത്തോടനുബന്ധിച്ച് സെമിനാറുകള്‍, അനുസ്മരണങ്ങള്‍, കവി സമ്മേളനം, പുസ്തക പ്രകാശനങ്ങള്‍, ഗസല്‍, കലാസാഹിത്യ മല്‍സരങ്ങള്‍, നാടകങ്ങള്‍, നൃത്തം, നാടന്‍കലകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവയും അരങ്ങേറും. 2ന് രാവിലെ 10ന് വിദ്യാര്‍ഥികള്‍ക്കുള്ള കലാസാഹിത്യ മല്‍സരങ്ങളുടെ ഉദ്ഘാടനം കവി കെ വി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന ദിനമായ 10ന് ഉച്ച കഴിഞ്ഞ് 3ന് ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും.  വൈകീട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സി എന്‍ ജയദേവന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രഭാ വര്‍മ മുഖ്യാതിഥിയായിരിക്കും.
Next Story

RELATED STORIES

Share it