കേരള സഹകരണ ബാങ്കിന് ചരിത്രനേട്ടം: മന്ത്രി

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ ബാങ്കിന്റെ ഓഹരി മൂലധനം 678.74 കോടി രൂപയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ബാങ്കിന് ഉണ്ടായിരുന്ന സഞ്ചിതനഷ്ടം 341. 34 കോടി രൂപയാണ്. ഈ മാര്‍ച്ച് 31നു സഞ്ചിതനഷ്ടം 341.34 കോടി രൂപയില്‍ നിന്ന് 158.96 കോടി രൂപയിലേക്കു കുറയ്ക്കാന്‍ സാധിച്ചു.
സംസ്ഥാന സഹകരണ ബാങ്കിന്റെ ചരിത്രത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും നേട്ടം കൈവരിക്കാന്‍ 2017-18 സാമ്പത്തിക വര്‍ഷം ബാങ്കിന് സാധിച്ചു. 2017-18 സാമ്പത്തിക വര്‍ഷം ബാങ്കിന്റെ നിക്ഷേപം 1331 കോടി രൂപ വര്‍ധിച്ച് 8005 കോടിയിലെത്തി. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതിനു 2018 ജനുവരി 10 മുതല്‍ കഴിഞ്ഞ 31 വരെ നടപ്പില്‍വരുത്തിയ നിക്ഷേപ സമാഹരണ യജ്ഞം സഹായകമായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിക്ഷേപത്തില്‍ 20 ശതമാനത്തിന്റെ വര്‍ധന ഈ വര്‍ഷത്തില്‍ ഉണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് തലത്തില്‍ ഇതിനായുള്ള അനുമതി സംബന്ധിച്ച കാര്യങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളില്‍ 13 എണ്ണവും മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചതായിട്ടാണു പ്രാഥമിക റിപോര്‍ട്ട്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് മാത്രമാണു നഷ്ടം നേരിട്ടത്.
മുന്‍ ഭരണസമിതി കാലത്ത് നല്‍കിയ ക്രമവിരുദ്ധ വായ്പകളും ഉത്തരവാദിത്ത രഹിതമായ ധനമാനേജ്‌മെന്റുമാണ് ബാങ്കിനെ നഷ്ടത്തിലേക്കു നയിച്ചത്. ജില്ലയിലെ പ്രാഥമിക സംഘങ്ങള്‍ക്കു നല്‍കിയ വായ്പകളില്‍ പോലും 254 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറി. ഇതില്‍ ചില സംഘങ്ങള്‍ വെറും തട്ടിക്കൂട്ടു സംഘങ്ങളാണ് എന്നുള്ളത് ഗൗരവമായ തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കും.
വ്യക്തിഗത വായ്പകളില്‍ 500 കോടി രൂപയോളം നിഷ്‌ക്രിയ ആസ്തിയാണ്. ഇതു പിരിച്ചെടുക്കുന്നതിനു സത്വര നടപടി സ്വീകരിക്കും. ബാങ്കിന്റെ മുന്‍ഭരണ സമിതി കാലയളവ് മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ സഹകരണ സംഘം രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക ടീം രൂപീകരിച്ച് ഒരു മാസത്തിനകം പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിലും മുന്‍ ഭരണസമിതി കാലയളവില്‍ ഗുരുതരമായ വായ്പാ ക്രമക്കേടുകള്‍ നടന്നതായി റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യവും വിശദമായി പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it