കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം

തിരുവനന്തപുരം: അധ്യാപക നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. അന്വേഷണം ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗങ്ങള്‍ വൈസ് ചാന്‍സലറെ തടഞ്ഞുവച്ചു. വിവാദ നിയമനം അന്വേഷിക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്താനും പ്രത്യേക സി ന്‍ഡിക്കേറ്റ് യോഗം കൂടാനും തീരുമാനമായതോടെ ബഹളം അവസാനിച്ചു. അതിനിടെ, വൈസ് ചാന്‍സലറുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗത്തിലെ അസി. പ്രഫസര്‍ നിയമനം സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ നാലംഗ ഉപസമിതിയെയാണ് ചുമതലപ്പെടുത്തിയത്. അഡ്വ. എ എ റഹിം കണ്‍വീനറായ ഉപസമിതിയില്‍ ഡോ. എം ജീവന്‍ലാല്‍, എം ശ്രീകുമാര്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം എന്നിവരാണ് അംഗങ്ങള്‍. വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത്, റിപോര്‍ട്ടില്‍മേല്‍ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ 16നു പ്രത്യേക സിന്‍ഡിക്കേറ്റ് യോഗവും ചേരും.  ഇന്നലെ രാവിലെ പത്തിന് യോഗം ചേര്‍ന്നയുടന്‍ എല്‍ഡിഎഫ് അംഗമായ അഡ്വ. കെ എച്ച് ബാബുജനാണ് വിഷയം അവതരിപ്പിച്ചത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ലഭിച്ച ഒരു ഉദ്യോഗാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പരാതിയോടൊപ്പമുള്ള വിവരാവകാശ പ്രകാരം ലഭിച്ച ഔദ്യോഗിക രേഖകളില്‍ നിന്നും നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി പ്രാഥമികമായി തന്നെ ബോധ്യമാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസാരിച്ച എല്ലാ അംഗങ്ങളും ഈ വാദത്തോട് യോജിച്ചു. എന്നാല്‍, ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലും അജണ്ടയില്‍ ഉള്‍പ്പെടാത്ത ഇനമായതിനാലും ഒരു തീരുമാനവും എടുക്കാനാവില്ലെന്ന് വൈസ് ചാ ന്‍സലര്‍ പി കെ രാധാകൃഷ്ണ ന്‍ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കാനുള്ള അംഗങ്ങളുടെ ശ്രമത്തെ വൈസ് ചാന്‍സലര്‍ നിരാകരിച്ചു. വാക്കുതര്‍ക്കം മുറുകിയതോടെ 11.15ന് യോഗം അവസാനിപ്പിച്ച് പുറത്ത് കടക്കാന്‍ ശ്രമിച്ച വൈസ് ചാന്‍സലറെ സിന്‍ഡിക്കേറ്റംഗങ്ങള്‍ തടഞ്ഞു.  തുടര്‍നടപടികളില്‍ ധാരണയായ ശേഷം 1.15ഓടെയാണ് വൈസ് ചാന്‍സലര്‍ക്ക് സി ന്‍ഡിക്കേറ്റ് റൂമില്‍ നിന്ന് പുറത്തുകടക്കാനായത്.യോഗം അലങ്കോലപ്പെടുത്തിയിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പി കെ രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആറുമാസം മുമ്പ് നടന്ന നിയമനത്തില്‍ യോഗ്യതയുള്ളയാളെയാണു നിയമിച്ചത്. ഇന്റര്‍വ്യൂവിന് എത്തിയ 199 പേരില്‍ നിന്നും അതിലും മികച്ച അപേക്ഷകയെ കണ്ടെത്താനായില്ല. ഒരു ചെറുവിഭാഗം സി ന്‍ഡിക്കേറ്റംഗങ്ങള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും വിസി ആരോപിച്ചു.
Next Story

RELATED STORIES

Share it