Flash News

കേരള സര്‍വകലാശാല : പ്രൈവറ്റ് ഡിഗ്രി രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ തീരുമാനം



തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഈ വര്‍ഷം മുതല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച ഡിഗ്രി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായി. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കണമെന്ന യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാലയുടെ നിര്‍ദേശം സിന്‍ഡിക്കേറ്റ് ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു. ഇതോടെ ഈ അധ്യയന വര്‍ഷം മുതല്‍തന്നെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പുനസ്ഥാപിക്കാന്‍ തീരുമാനമായി.അതേസമയം, സര്‍വകലാശായില്‍ ബിഎ, ബിഎസ്‌സി, ബികോം പരീക്ഷകളുടെ ഫലം വരാത്തത് സിന്‍ഡിക്കേറ്റില്‍ ഒച്ചപ്പാടിനിടയാക്കി. എല്ലാ സര്‍വകലാശാലകളും പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും പിജി  പ്രവേശനം ആരംഭിക്കുകയും ചെയ്തിട്ടും കേരള സര്‍വകലാശാലയുടെ ഫലം എന്ന് പുറത്തുവരും എന്നുപോലും സിന്‍ഡിക്കേറ്റിനെ അറിയിക്കാത്തത് ചോദ്യം ചെയ്ത് ജ്യോതികുമാര്‍ ചാമക്കാലയാണ് വിഷയം അവതരിപ്പിച്ചത്. അഞ്ചാം സെമസ്റ്റര്‍ ഫലം ഈമാസം 19നും ആറാം സെമസ്റ്റര്‍ ഫലം ഈമാസം 26നും പ്രസിദ്ധീകരിക്കാമെന്ന് പരീക്ഷാ കമ്മിറ്റി കണ്‍വിനര്‍ വി ശ്രീകുമാര്‍ അറിയിച്ച ശേഷമാണ് വിഷയം അവസാനിച്ചത്. ഡിഗ്രി പരീക്ഷാഫലം വൈകുന്നതിനാല്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള ബിഎഡ് കോളജുകളിലെ പ്രവേശന തിയ്യതി ഈമാസം 30വരെ നീട്ടി നല്‍കാനും തീരുമാനിച്ചു. ജീവനക്കാരുടെ അന്തര്‍ സര്‍വകലാശാല സ്ഥലം മാറ്റത്തിന് പ്രബേഷന്‍ പിരീഡ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച് സര്‍വകലാശാല ചട്ടങ്ങളില്‍ വേണ്ട ഭേദഗതി നടത്താന്‍ യോഗം തീരുമാനിച്ചു. മലയാള വിഭാഗം മേധാവിയായി ഡോ. വി ശശികുമാറിനെ നിയമിക്കാനും തീരുമാനിച്ചു. സര്‍വകലാശാലയുടെ കഴിഞ്ഞ ബജറ്റ് തീരുമാനപ്രകാരം വള്ളക്കടവ്, ചരിപ്പറമ്പ്, കാട്ടാക്കട, കായംകുളം, അഴൂര്‍, കാഞ്ഞിരംകുളം, തൊളിക്കോട്, കല്ലറ എന്നിവിടങ്ങളില്‍ പുതിയ എട്ട് യുഐടി(യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി)തുടങ്ങാനും മുതുകുളത്ത് യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എംബിഎ കോഴ്‌സ് തുടങ്ങാനും തീരുമാനമായി.
Next Story

RELATED STORIES

Share it