Articles

കേരള സര്‍ക്കാരും അന്യാപദേശാലങ്കാരവും

മധ്യമാര്‍ഗം - പരമു
പ്രകൃതാര്‍ഥ സൂചനയ്ക്കായി അപ്രകൃതമായ മറ്റൊന്നു പറയുന്ന രീതിയെ അഥവാ അലങ്കാരത്തെയാണ് അന്യാപദേശം എന്നു വിശേഷിപ്പിക്കുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒന്നു പറയുമ്പോള്‍ മറ്റൊന്നു മനസ്സിലാക്കേണ്ട ആവശ്യം വരുമ്പോഴാണ് അന്യാപദേശാലങ്കാരം പ്രയോഗിക്കുന്നത്. പെട്ടെന്നു പിടികിട്ടാന്‍ രണ്ട് ഉദാഹരണങ്ങള്‍. സമാധാനം എന്നു പറഞ്ഞാല്‍ അക്രമം എന്നും വെള്ളം എന്നു പറഞ്ഞാല്‍ തീ എന്നും മനസ്സിലാക്കണം.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ സംബന്ധിച്ച് ഇതാണ് ഇപ്പോഴത്തെ സ്ഥിതി. സര്‍ക്കാര്‍ ഒന്നു പറയുമ്പോള്‍ പൗരജനങ്ങള്‍ വേറൊന്നു മനസ്സിലാക്കണം. പൊതുഖജനാവ് കാലിയായതിനെ തുടര്‍ന്ന് ഇപ്പോള്‍ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ നട്ടംതിരിയുകയാണ്. ക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെയുള്ള പല പദ്ധതികളും മുടങ്ങിക്കിടക്കുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കുക മാത്രമല്ല, നിലവിലെ ചെലവുകള്‍ പരമാവധി വെട്ടിക്കുറയ്ക്കുകയും ചെയ്യുക. പട്ടിണിപ്പാവങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന സര്‍ക്കാരല്ലേ? ലാളിത്യം സര്‍ക്കാരിന്റെ മുഖമുദ്രയാക്കി മാറ്റുകയാണു ലക്ഷ്യം.
ചെലവുചുരുക്കല്‍ പ്രഖ്യാപനം കേട്ടതു മുതല്‍ പൊതുപണം കരുതി ആവശ്യത്തിനു ചെലവാക്കുമെന്നു തന്നെയാണ് കേരളത്തിലെ മുഴുവന്‍ ജനങ്ങളും വിശ്വസിച്ചത്. എന്നാല്‍, ചെലവുചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ക്ക് വില കൂടിയ പുതുപുത്തന്‍ കാറുകള്‍ അണിനിരന്നതു കണ്ട് പൊതുജനം മൂക്കത്ത് വിരല്‍ വച്ചു! പക്ഷേ, അതിനു സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം, ചെലവുചുരുക്കാന്‍ തീരുമാനിച്ചതിനു മുമ്പ് കാറുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു. കമ്മീഷനും വാങ്ങിയിരുന്നുവത്രേ! മന്ത്രിമാരും ജനപ്രതിനിധികളും ചെലവുചുരുക്കുന്നതു കാണാന്‍ ജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് അവര്‍ക്കൊക്കെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തത്. അതായത്, ചെലവുചുരുക്കുമെന്നു മന്ത്രിസഭ നേരത്തേ എടുത്ത തീരുമാനം, ചെലവു കൂടുമെന്നു നമ്മള്‍ മനസ്സിലാക്കണം! അതാണ് അന്യാപദേശാലങ്കാരം!
സര്‍ക്കാര്‍ സാമ്പത്തികമായി നന്നേ ക്ലേശിക്കുന്ന അവസരത്തില്‍ തന്നെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിക്കാന്‍ എടുത്ത തീരുമാനം അസ്സലായി! മന്ത്രിമാരും എംഎല്‍എമാരും സേവനത്തിന്റെ പേരില്‍ കടക്കെണിയില്‍പ്പെട്ട് വിഷമിക്കുകയായിരുന്നല്ലോ? കിട്ടിക്കൊണ്ടിരുന്ന പ്രതിഫലംകൊണ്ട് അവര്‍ക്ക് രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയും. സര്‍ക്കാരില്‍ നിന്നു കിട്ടുന്നതുകൊണ്ട് വേണമല്ലോ കുടുംബം പുലര്‍ത്താന്‍. ഇടതുസര്‍ക്കാര്‍ ആയതുകൊണ്ട് വല്ലവരും തരുന്നതു വാങ്ങാന്‍ പറ്റുമോ? അതൊക്കെ കൈക്കൂലിയല്ലേ? മന്ത്രിമാര്‍ക്ക് ഇതുവരെ തുച്ഛമായ വെറും 55,000 രൂപയാണു മാസ ശമ്പളമായി കിട്ടിക്കൊണ്ടിരുന്നത്. എംഎല്‍എമാര്‍ക്കാണെങ്കിലോ, വെറും 40,000 രൂപയും. ഇതുകൊണ്ട് എന്താക്കാനാണ്? മറ്റ് അലവന്‍സുകള്‍ ലഭിക്കുന്നതുകൊണ്ട് കഷ്ടിപിഷ്ടി കഴിഞ്ഞുകൂടി. വാസ്തവത്തില്‍ ഇത്ര കുറഞ്ഞ വരുമാനംകൊണ്ട് നമ്മുടെ മന്ത്രിമാരും എംഎല്‍എമാരും അവരുടെ കുടുംബാംഗങ്ങളും ജീവന്‍ നിലനിര്‍ത്തി എന്നത് മഹാഭാഗ്യം തന്നെ!
വോട്ട് ചെയ്ത് ജനങ്ങള്‍ ജയിപ്പിച്ചു കഴിഞ്ഞാല്‍ ജനപ്രതിനിധികളുടെ ദുരിതം ആരംഭിക്കുകയായി. പിന്നെ ഊണുണ്ടോ ഉറക്കമുണ്ടോ? ജനങ്ങളുടെ ഇടയില്‍പ്പെട്ട് കഷ്ടപ്പെടുമ്പോള്‍ വീടുണ്ടോ വീട്ടുകാരുണ്ടോ? മക്കളുടെ കാര്യം നോക്കാന്‍ സമയമുണ്ടോ? ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ പോയി ഇരിക്കാനുള്ള ബുദ്ധിമുട്ട് ചില്ലറയാണോ? ബില്ലുകളും മറ്റും വായിച്ചു പഠിക്കേണ്ടേ, പ്രസംഗം നേരത്തേ തയ്യാറാക്കേണ്ടെ. പിന്നെ നിത്യവും എത്രയെത്ര മീറ്റിങുകളില്‍ പങ്കെടുക്കണം. നേരം വെളിച്ചമാവുമ്പോള്‍ മുതല്‍ വീട്ടിലും ഓഫിസിലുമെത്തുന്ന സങ്കടക്കാര്‍. അവരുടെ കാര്യങ്ങള്‍ ഒന്നും ശരിയാക്കിയില്ലെങ്കിലും ഒരു കപ്പ് ചായ കൊടുക്കേണ്ടെ? കല്യാണ വീടുകളില്‍ പോവേണ്ടെ? മരണവീടുകളില്‍ കയറിയിറങ്ങേണ്ടെ? ഇതിനൊക്കെ പുറമേ പാര്‍ട്ടിപ്രവര്‍ത്തനം നടത്തേണ്ടെ? പാര്‍ട്ടിക്ക് മാസാമാസം വരുമാനത്തിന്റെ പങ്ക് (ലെവി) കൊടുക്കേണ്ടെ?
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിലും മന്ത്രിസഭ ചെലവുചുരുക്കി പൊതുഖജനാവിനു നേട്ടമുണ്ടാക്കിയിട്ടുണ്ട്്. അധികമാരും അക്കാര്യം അറിഞ്ഞിട്ടില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയായതുകൊണ്ടു മാത്രമാണ് ഇത് ഉണ്ടായതെന്നും മനസ്സിലാക്കണം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ മന്ത്രിസഭ അപ്പടി അംഗീകരിച്ചില്ല. കമ്മിറ്റി മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ജീവിത സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കി പഠനനിരീക്ഷണങ്ങള്‍ക്കു ശേഷമാണ് ശുപാര്‍ശ ചെയ്തത്. മന്ത്രിമാരുടെ ശമ്പളം പ്രതിമാസം 1.43 ലക്ഷം ആക്കണമെന്നായിരുന്നു കമ്മിറ്റിയുടെ ശുപാര്‍ശ. ഒന്നും കാണാതെ കമ്മിറ്റി ഇങ്ങനെ ശുപാര്‍ശ ചെയ്യില്ലല്ലോ?
നമ്മുടെ ജനകീയ മന്ത്രിസഭ ശുപാര്‍ശകള്‍ നന്നായി പരിശോധിച്ച് പ്രതിമാസം 53,000 രൂപ കുറവു വരുത്തിയാണ് 90,000 രൂപയാക്കാന്‍ തീരുമാനിച്ചത്.                  ി
Next Story

RELATED STORIES

Share it