thrissur local

കേരള സര്‍ക്കാരിന്റെ ദലിത് പിന്നാക്ക വിരുദ്ധ നടപടികള്‍ അവര്‍ക്കു തന്നെ വിനാശകരം: വി ആര്‍ ജോഷി

തൃശൂര്‍: കേരള സര്‍ക്കാരിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധം, 30 സമുദായങ്ങള്‍ക്കുള്ള ഒഇസി സ്‌കോളര്‍ഷിപ്പ് പദ്ധതി പുന:പരിശോധന, ദേവസ്വങ്ങളിലെ സവര്‍ണ സംവരണ സാമ്പത്തിക സംവരണ നീക്കങ്ങള്‍ എന്നിവ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സ്വയം വിനാശത്തിന് കാരണമാകുമെന്ന് നാഷണല്‍ ഫോറം ഫോര്‍ ദി എന്‌ഫോഴ്‌സ്‌മെന്റ് ഓഫ് സോഷ്യല്‍ ജസ്റ്റിസ് ദേശീയ കണ്‍വീനര്‍ വി ആര്‍ ജോഷി അഭിപ്രായപ്പെട്ടു.
ഫോറത്തിന്റെ തൃശൂര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ എസ്ജി ഭവനില്‍ ചേര്‍ന്ന പഠനക്ലാസ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഫാഷിസത്തെ പ്രതിരോധിക്കുന്നതിന് കഴിവുള്ള ഏക പ്രത്യയശാസ്ത്രവും പ്രസ്ഥാനവും ദലിത് ഒബിസി മുസ്ലീം സ്വത്വബോധത്തില്‍ രൂപംകൊള്ളുന്ന പ്രസ്ഥാനമായിരിക്കുമെന്ന് യുപിയിലേയും ബിഹാറിലേയും ഉപതെരെഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ബ്രാഹ്മണിസത്തില്‍ മുങ്ങികുളിച്ചതാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം. മാവോയിസ്റ്റ് പ്രസ്ഥാനങ്ങളും ഇതിന് അപവാദമില്ല.
ഇന്ത്യയില്‍ ജാതി എന്നത് യാഥാര്‍ഥ്യവും വര്‍ഗമെന്നത് സങ്കല്‍പവുമാണ്. ദലിത് - ഒബിസി സ്വത്വ പ്രസ്ഥാനത്തെ അപലപിക്കുന്ന ഇടതുപക്ഷ പാര്‍ട്ടി പിന്നോക്കവിഭാഗം നേതാക്കളുടെ തലയില്‍ അടിയന്തരമായി നെല്ലിക്കാതളം വെക്കേണ്ടതാണ്. പെരുന്നയില്‍നിന്ന് ഓര്‍ഡര്‍ സ്വീകരിച്ച് ലഭിക്കുന്ന വോട്ടുകളുടെ 95% നല്‍കുന്ന ദലിത് പിന്നോക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സവര്‍ണ മേധാവികള്‍ക്കുവേണ്ടി കേരള സര്‍ക്കാര്‍ അടിയറവെയ്ക്കുകയാണ്. ഇതിന് തിരിച്ചടി ലഭിക്കേണ്ടത് ചരിത്ര നിയോഗമാണ്. ദേവസ്വം ബോര്‍ഡുകള്‍ ഭരണഘടനാ വിരുദ്ധ മുന്നോക്ക സാമ്പത്തിക സംവരണം നടപ്പാക്കിയാല്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഭരണഘടനാ ലംഘനത്തിന് ശിക്ഷിക്കപ്പെടും.
തൃശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍, അഖിലകേരള എഴുത്തച്ഛന്‍ സമാജം പ്രസിഡണ്ട് അഡ്വ. പി ആര്‍ സുരേഷ് അധ്യക്ഷനായി. പഠനക്ലാസില്‍ തൃശൂര്‍ എസ്എന്‍ഡിപി യോഗം യൂനിയന്‍ വൈസ് പ്രസിഡണ്ട് ടി ആര്‍ രഞ്ജു, ജനറല്‍ സെക്രട്ടറി ഡി രാജേന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എം കെ അസ്ലാം, സോളിഡാരിറ്റി നേതാവ് ഷാജഹാന്‍, പ്രഫ. ടി ബി വിജയകുമാര്‍, ഡോ. പി കെ സുകുമാരന്‍ (ശ്രീനാരായണ സ്റ്റഡി സര്‍ക്കിള്‍), ടി കെ ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. എന്‍ സന്തോഷ്, പി ചിന്നന്‍, കെ എന്‍ ഭാസ്‌കരന്‍, ടി കെ ഗോവിന്ദന്‍, പി എസ് രാജന്‍, പെരിങ്ങാവ് ശിവശങ്കരന്‍, അഖിലകേരള പെരുങ്കൊല്ലന്‍ സമാജം പ്രസിഡണ്ട് സുഭാഷ് പ്രസംഗിച്ചു.
Next Story

RELATED STORIES

Share it