malappuram local

കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തേഞ്ഞിപ്പാലം: കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന ഇരുപത്തി എട്ടാമത് കേരളാ ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ തുടങ്ങും. ഉദ്ഘാടനം രാവിലെ 9.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്, ഇ അഹമ്മദ് എംപി, അഡ്വ. കെഎന്‍എ ഖാദര്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍ വി നരസിംഹ പ്രസാദ്, എക്‌സി. വൈസ് പ്രസിഡന്റ് സുരേഷ് ദാസ്, മെമ്പര്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഡോ. പി ഹരിനാരായണന്‍ പങ്കെടുക്കും.
'കാലാവസ്ഥാ വ്യതിയാനവും കേരളത്തിലെ ജലസ്രോതസുകളും' വിഷയത്തിലാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസ്. കാര്‍ഷിക ഭക്ഷ്യശാസ്ത്രം, ബയോ ടെക്‌നോളജി, രസതന്ത്രം, ഭൗമ ശാസ്ത്രം, സാങ്കേതിക വിദ്യ, വനം- പരിസ്ഥിതി, മത്സ്യ- മൃഗ സംരക്ഷണം, ജീവശാസ്ത്രം, ആരോഗ്യം, ഭൗതിക ശാസ്ത്രം, ഗണിതം, ശാസ്ത്ര വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ 169 പ്രബന്ധങ്ങളും ഗവേഷകര്‍ തയ്യാറാക്കിയ 146 ശാസ്ത്ര പോസ്റ്ററുകളുടെ പ്രദര്‍ശനവും നടക്കും. അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിനായി 57 പ്രബന്ധങ്ങളും അവതരിപ്പിക്കും. 2016 പയര്‍ വര്‍ഗങ്ങളുടെ അന്താരാഷ്ട്ര വര്‍ഷമായി യുനെസ്‌കോ പ്രഖ്യാപിച്ച പശ്ചാതലത്തില്‍ കോണ്‍ഗ്രസ്സില്‍ ഇതുസംബന്ധിച്ച് പ്രത്യേക ചര്‍ച്ചയും മലബാറിന്റെ സവിശേഷ ജൈവ വൈവിധ്യം, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയും നടക്കും. ശാസ്ത്ര വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും ഉന്നത ശാസ്ത്ര ഗവേഷകരുമായി സമ്പര്‍ക്ക പരിപാടിയുമുണ്ടാവും.
ശാസ്ത്ര കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള ബാല ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ജില്ലയിലെ 200 സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കും. ഇവര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും അവസരമുണ്ട്.
മണ്‍മറഞ്ഞ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. പി കെ അയ്യങ്കാര്‍, പി ടി ഭാസ്‌ക്കര പണിക്കര്‍, ഡോ. പിഷാരടി, ഡോ. ജാനകിയമ്മാള്‍, പി കെ ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരിലുള്ള പ്രത്യേക പ്രഭാഷണങ്ങളും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമാണ്. കേന്ദ്ര ആണവോര്‍ജ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. അനില്‍ കക്കോദ്കര്‍, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പൂനെ ആസ്‌ട്രോണമി ആന്റ ആസ്‌ട്രോഫിസിക്‌സ് അന്തര്‍ സര്‍വകലാശാല കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. അജിത് കെ കെംപാവി, ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. സാവിത്രി പ്രീതാ നായര്‍, ടിഐഎഫ്എസിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പ്രഭാത് രജ്ഞന്‍ തുടങ്ങിയവരാണ് പ്രഭാഷണങ്ങള്‍ നടത്തുക. അധ്യാപകര്‍, ഗവേഷകര്‍, സാങ്കേതിക വിദഗ്ധര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി 1,750 ലേറെ പേര്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it