കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല ഒരുങ്ങി

തിരുവനന്തപുരം: ആര്‍ട്ട് ഗാലറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ചിത്രകലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുന്നതിനുമായി കേരള ലളിതകലാ അക്കാദമി സഞ്ചരിക്കുന്ന ചിത്രശാല ഒരുക്കുന്നു. ചിത്രങ്ങളും ശില്‍പ്പങ്ങളും പുസ്തകങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പര്യടനം നടത്തുന്ന ചിത്രശാലയില്‍ കേരളത്തിന്റെ കലാചരിത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളീയ ചിത്രകലയുടെ വളര്‍ച്ചയും പരിണാമവും ദൃശ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുഹാചിത്രങ്ങളും പുരാതന ചിത്ര-ശില്‍പ്പ മാതൃകകളും ചുവര്‍ചിത്രങ്ങളും മുതല്‍ രാജാരവിവര്‍മയും കെ സി എസ് പണിക്കരും പത്മിനിയും എം വി ദേവനും ഉള്‍പ്പെടെയുള്ള മണ്‍മറഞ്ഞ ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വരെ പ്രദര്‍ശിപ്പിക്കും. പ്രഗല്ഭ കലാകാരന്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും ചിത്രകലാ സംബന്ധിയായ ഡോക്യുമെന്ററി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യവും ആദ്യ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും വില്‍പ്പനയും സഞ്ചരിക്കുന്ന ചിത്രശാലയിലുണ്ടാവും. കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി പ്രദര്‍ശനം ഒരുക്കുന്നതിനും സഞ്ചരിക്കുന്ന ചിത്രശാലയെ ഉപയോഗിക്കാന്‍ കഴിയും.
ചിത്രകലയെ ഗൗരവമായി സ്വീകരിച്ച കലാകാരന്മാര്‍ക്ക് കേരളത്തില്‍ ചിത്രരചനയിലൂടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാന്‍ ചിത്രവിപണനം പ്രോല്‍സാഹിപ്പിക്കണമെന്ന സന്ദേശവും സഞ്ചരിക്കുന്ന ചിത്രശാല ജനങ്ങളിലെത്തിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സഞ്ചരിക്കുന്ന ചിത്രശാല സജ്ജീകരിച്ചിട്ടുള്ളത്. ഇന്ന് രണ്ടു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളിനു മുന്നില്‍നിന്ന് ഉദ്ഘാടനം ചെയ്യും.
മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിക്കും. സഞ്ചരിക്കുന്ന ചിത്രശാലയുടെ ആദ്യഘട്ട പ്രയാണം ജനുവരി 21ന് തിരുവനന്തപുരത്തും 22ന് കൊല്ലത്തും 23ന് പത്തനംതിട്ടയിലും 24ന് ആലപ്പുഴയിലും 25ന് കോട്ടയത്തും 26ന് ഇടുക്കിയിലും 27, 28 തിയ്യതികളില്‍ എറണാകുളത്തും 29, 30 തിയ്യതികളില്‍ തൃശൂരും 31ന് പാലക്കാടും ഫെബ്രുവരി 1ന് മലപ്പുറത്തും 2ന് കോഴിക്കോടും 3ന് വയനാടും 4ന് കണ്ണൂരും 5ന് കാസര്‍കോഡും ആയിരിക്കും. എല്ലാ ജില്ലകളിലും ചിത്രകലാക്യാംപ്, ഡോക്യുമെന്ററി പ്രദര്‍ശനം, ശില്‍പ്പശാല തുടങ്ങിയ പരിപാടികളോടെ വര്‍ണോല്‍സവം സംഘടിപ്പിക്കുമെന്ന് കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ പ്രഫ. കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം കെ ഷിബു എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it