Editorial

കേരള രാഷ്ട്രീയത്തിന് വെള്ളാപ്പള്ളിയുടെ പാഠങ്ങള്‍

വെള്ളാപ്പള്ളി നടേശനെ ഒരു കാര്യത്തില്‍ സമ്മതിക്കണം- തന്റേത് അവസരവാദ രാഷ്ട്രീയമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി അച്ഛനെ തിരുത്തിയിട്ടുണ്ടെങ്കിലും നടേശന്‍ പറഞ്ഞതുതന്നെയാണ് സത്യം. മറ്റുള്ളവര്‍ കാര്യം തുറന്നുപറയാറില്ലെന്നേയുള്ളൂ. സമദൂരമെന്നും ശരിദൂരമെന്നും എന്‍എസ്എസും തങ്ങളെ സഹായിക്കുന്നവരെ തങ്ങളും സഹായിക്കുമെന്ന് കാന്തപുരം മുസ്‌ല്യാരും പറയുന്നത് ആറ്റിക്കുറുക്കിനോക്കിയാല്‍ കിട്ടുന്ന അര്‍ഥവും ഇതുതന്നെ. ഏതു ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തിലേറുമെന്ന് ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും സമ്മതിക്കുന്ന കാര്യമാണ്. മതേതരത്വം, സോഷ്യലിസം, പുരോഗമനം എന്നൊക്കെ പുറമേക്കു പറയാനുള്ള കാര്യങ്ങള്‍. സംഗതി, എങ്ങനെയെങ്കിലും വോട്ട് കിട്ടണം, അധികാരത്തിലേറണം എന്നതുതന്നെ. സഹജസ്വഭാവം മൂലം വെള്ളാപ്പള്ളി കാര്യം തുറന്നുപറഞ്ഞു എന്നു മാത്രം.
വെള്ളാപ്പള്ളി നടേശന്റെ ഈ ഏറ്റുപറച്ചില്‍ യഥാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തില്‍ സാമുദായികശക്തികള്‍ നടത്തിപ്പോരുന്ന വിലപേശലുകളുടെ സാമാന്യ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സാമുദായികസംഘടനകള്‍ മാത്രമല്ല, സമുദായങ്ങളുടെ ലേബലുകളോടെ നിലനില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്നതും സമാനമായ വിലപേശല്‍ തന്നെ. പള്ളിയും പട്ടക്കാരും നിരന്നുനിന്ന് ഇതേ കച്ചവടം നടത്തുന്നു. വടക്കേ ഇന്ത്യയിലും മറ്റും സമ്മതിദായകരെ ആട്ടിത്തെളിച്ചുകൊണ്ടുപോയി വോട്ട് ചെയ്യിക്കുന്ന വോട്ട്ബാങ്ക് രാഷ്ട്രീയം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുകയാണ് പ്രബുദ്ധകേരളത്തിലും എന്നു പറഞ്ഞാല്‍ തെറ്റില്ല. ഈ പ്രവണതയ്ക്ക് വളംവച്ചുകൊടുക്കുകയാണ് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമെല്ലാം. അതുമൂലം എത്രതന്നെ പുരോഗമനം പ്രസംഗിച്ചാലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അരമനകളില്‍ ബിഷപുമാരെ മുഖംകാണിക്കാന്‍ കാത്തുകെട്ടിക്കിടക്കും, മുസ്‌ലിം സംഘടനാനേതാക്കളുമായി ബന്ധം സ്ഥാപിക്കും, സ്വാമിമാരുമായി ഒളിച്ചുകളി നടത്തും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വെള്ളാപ്പള്ളിയുടേത് മാത്രമല്ല അവസരവാദ രാഷ്ട്രീയം. ആദര്‍ശപ്രചോദിതരെന്ന് അവകാശപ്പെടുന്ന മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അവസരവാദ സമീപനമാണ് പുലര്‍ത്തുന്നത്. അഥവാ, വെള്ളാപ്പള്ളിയെപ്പോലെയുള്ളവര്‍ക്ക് അവസരവാദ രാഷ്ട്രീയത്തിന് ഏണിവച്ചുകൊടുക്കുകയാണവര്‍.
ഏതായാലും എസ്എന്‍ഡിപിയുടെയും അത് രൂപാന്തരപ്രാപ്തി കൈവരിച്ചുണ്ടായ ബിഡിജെഎസിന്റെയും മലക്കംമറിച്ചിലുകള്‍ ബിജെപിയെയാണ് കുഴപ്പത്തിലകപ്പെടുത്തിയിട്ടുള്ളത്. വെള്ളാപ്പള്ളിയെ വിശ്വസിച്ച് വലിയ കലത്തില്‍ വെള്ളം വച്ചുപോയി കുമ്മനം രാജശേഖരനും കൂട്ടരും. ഇനി ഈ കുരുക്കില്‍നിന്ന് എങ്ങനെയാണ് രക്ഷപ്പെടുക എന്നതാണ് കേരളത്തില്‍ ഭരണം പിടിക്കുന്നതിനേക്കാളും അക്കൗണ്ട് തുറക്കുന്നതിനേക്കാളുമെല്ലാം ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രശ്‌നം. നേരുപറഞ്ഞാല്‍ പ്രായോഗിക രാഷ്ട്രീയത്തിനു നല്ലൊരു പാഠമാണ് വെള്ളാപ്പള്ളി പഠിപ്പിക്കുന്നത്, അതില്‍ കണ്ടുരസിക്കാന്‍ പലതുമുണ്ടെങ്കില്‍ത്തന്നെയും.
Next Story

RELATED STORIES

Share it