thiruvananthapuram local

കേരള മോഡല്‍ അനുകരണീയമെന്ന് യുഎസ് പ്രതിനിധി സംഘം

തിരുവനന്തപുരം: ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പണംകൊടുത്ത് സര്‍ക്കാര്‍ ശേഖരിക്കുന്ന 'കേരള മോഡല്‍' അനുകരിക്കാവുന്ന ആശയമാണെന്ന് യുഎസ് പ്രതിനിധി സംഘം.
സംസ്ഥാനത്തെ നഗര വികസനവുമായി ബന്ധപ്പെട്ട് മന്ത്രി മഞ്ഞളാംകുഴി അലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇ-മാലിന്യ ശേഖരണമെന്ന ആശയത്തെ സംഘം പ്രകീര്‍ത്തിച്ചത്. രാജ്യത്ത് നഗരവികസനം അതിവേഗം നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ആധുനിക സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മുട്ടത്തറയില്‍ തുടങ്ങാനായി. കൊച്ചിയില്‍ ആദ്യത്തെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ സജ്ജമായിട്ടുണ്ട്.
കിലോഗ്രാമിന് 25 രൂപ നിരക്കില്‍ ഇ മാലിന്യങ്ങള്‍ വിവിധ സ്ഥാപനങ്ങളില്‍നിന്ന് ക്ലീന്‍ കേരള കമ്പനി ശേഖരിച്ചുവരുന്നതായി മന്ത്രി പറഞ്ഞു. ഇതുവരെ 150 ടണ്‍ ഇ മാലിന്യങ്ങള്‍ ശേഖരിച്ചു. ഇ മാലിന്യ, പ്ലാസ്റ്റിക് മാലിന്യ മുക്ത ക്യാംപസുകളായി സ്‌കൂളുകളെ മാറ്റുന്ന പദ്ധതി തുടങ്ങാനിരിക്കുകയാണ്. പ്രകൃതിയെ നശിപ്പിക്കാനിടയാവുമായിരുന്ന ഈ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സാധിച്ചുവെന്നത് വലിയ നേട്ടമാണെന്ന് ഇന്‍ഡ്യാനയിലെ കാര്‍മല്‍ കോര്‍പ്പറേഷന്‍ മേയര്‍ ജെയിംസ് ബ്രെയിനാര്‍ഡ് അഭിപ്രായപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തി ല്‍ നൂതനമായ ഈ ആശയം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജങ്ഷനുകളില്‍ സിഗ്നല്‍ ലൈറ്റുകളില്ലാത്ത റൗണ്ട് എബൗട്ടുകള്‍ സമയനഷ്ടം ഒഴിവാക്കുന്നതായി യുഎസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായതായി സംഘം അറിയിച്ചു. കേരളത്തില്‍നിന്ന് ഒട്ടേറെ പദ്ധതികള്‍ മാതൃകയാക്കാനുണ്ട്. നഗരസൗന്ദര്യവല്‍ക്കരണ പദ്ധതികളെക്കുറിച്ചുള്ള കേരളത്തിന്റെ ചിന്താഗതി പ്രോല്‍സാഹജനകമാണെന്നും സംഘം വിലയിരുത്തി.
Next Story

RELATED STORIES

Share it