കേരള മെഡിക്കല്‍ പ്രവേശനം സാധൂകരിക്കല്‍ ബില്ല് സഭയില്‍

തിരുവനന്തപുരം: പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കുന്നതിനുള്ള കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചു.
പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളില്‍ 2016-17 വര്‍ഷങ്ങളില്‍ നടത്തിയ പ്രവേശനം എന്‍ട്രന്‍സ് കമ്മീഷണര്‍ റദ്ദാക്കുകയും ഹൈക്കോടതിയും സുപ്രിംകോടതിയും ഇതു ശരിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതു മറികടക്കാനുള്ള നിയമനിര്‍മാണത്തിനു സര്‍ക്കാര്‍ തയ്യാറായത്. ഇതിനകം പ്രാബല്യത്തില്‍ വന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ സഭയില്‍ അവതരിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്തു പ്രവേശനം സാധൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭരണ, പ്രതിപക്ഷ കക്ഷികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ രണ്ടു മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളേക്കാള്‍ നീറ്റ് പട്ടികയില്‍ താഴ്ന്ന റാങ്കുള്ളവര്‍ മറ്റു കോളജുകളില്‍ പഠിക്കുന്നുണ്ടെന്ന കണ്ടെത്തലും നിയമ നിര്‍മാണത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചു. ബില്ല സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല തുടങ്ങിയ വീഴ്ചകളെ തുടര്‍ന്നാണ് നേരത്തെ പ്രവേശനം റദ്ദാക്കിയിരുന്നത്. ഓരോ വിദ്യാര്‍ഥിക്ക് വേണ്ടിയും മാനേജ്‌മെന്റ് മൂന്നു ലക്ഷം രൂപ വീതം ഫീസ് ഒടുക്കണമെന്ന നിബന്ധനയോടെയാണ് പ്രവേശനം ക്രമവല്‍ക്കരിച്ച് നല്‍കിയത്.
Next Story

RELATED STORIES

Share it