കേരള ബ്ലോഗ് എക്‌സ്പ്രസിന് കൊച്ചിയില്‍ സമാപനം

കൊച്ചി: കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാമത് എഡിഷന്‍ കൊച്ചിയില്‍ സമാപിച്ചു.  മാര്‍ച്ച് 18ന് തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങിയ 30 അംഗ ബ്ലോഗര്‍മാരുടെ സംഘമാണ് വിവിധ ജില്ലകളിലെ പര്യടനത്തിന് ശേഷം കാസര്‍കോടു നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയില്‍ എത്തിയത്. കാസര്‍കോട്ടെ വലിയപറമ്പ കായലിലെ ഉല്ലാസ സവാരിയും മുത്തപ്പന്‍ കോവില്‍  തെയ്യവും ബേക്കല്‍ കോട്ട സന്ദര്‍ശനവും കഴിഞ്ഞാണ് ബ്ലോഗര്‍മാര്‍ കൊച്ചിയില്‍ എത്തിയത്. മാര്‍ച്ച് 31ന് പുലര്‍ച്ചെ മൂന്നരയോടെ ബ്ലോഗര്‍മാര്‍ എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തി. ഇന്നലെ രാവിലെ മുതല്‍ ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയുമടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു.
മഹാരാജാസ് കോളജ് മുതല്‍ ഇടപ്പള്ളി  വരെയുള്ള മെട്രോ യാത്രയും സംഘാംഗങ്ങള്‍ക്കായി ഒരുക്കിയിരുന്നു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയശേഷം, ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ടില്‍ നടന്ന യാത്രയയപ്പ് വിരുന്നിലും പങ്കെടുത്തു.
ഫ്രാന്‍സ്, അമേരിക്ക, യുകെ, കാനഡ, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങി 28 രാജ്യങ്ങളില്‍ നിന്നുള്ള  പ്രശസ്തരായ മുപ്പത് ബ്ലോഗര്‍മാരുടെ സംഘമാണ് ഇത്തവണത്തെ  കേരള ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുത്തത്. ട്രിപ്പ് ഓഫ് എ ലൈഫ് ടൈ എന്ന ടാഗോടുകൂടിയാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനം നടന്നത്. മനോഹരമായ മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും ഉള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങള്‍  ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളത്തിലുടനീളം യാത്ര ചെയ്ത് പ്രകൃതി ദൃശ്യങ്ങളും ഗ്രാമനഗര ജീവിതക്കാഴ്ചകളും ആസ്വദിച്ച ബ്ലോഗര്‍മാര്‍ തങ്ങളുടെ രണ്ടാഴ്ചക്കാലത്തെ  കേരളീയാനുഭവങ്ങള്‍ സഞ്ചാരക്കുറിപ്പുകളും ഫോട്ടോഗ്രാഫുകളും വീഡിയോ ദൃശ്യങ്ങളുമായി ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
അഞ്ച് വര്‍ഷം മുമ്പ് കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ് കേരള ബ്ലോഗ് എക്‌സ്പ്രസ് ആരംഭിച്ചത്. വൈവിധ്യപൂര്‍ണവും സമ്പന്നവുമായ കേരളീയ സംസ്‌കാരത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള അവസരമാണ് രണ്ടാഴ്ചക്കാലത്തെ യാത്രയിലൂടെ  ബ്ലോഗര്‍മാര്‍ക്ക് കൈവന്നത്. സമൂഹ മാധ്യമയിടങ്ങളില്‍ ആയിരക്കണക്കിന് അനുയായികളുള്ള ബ്ലോഗര്‍മാരുടെ അനുഭവക്കാഴ്ചകളിലൂടെ വിദേശ വിനോദ സഞ്ചാരികളെ വന്‍തോതില്‍  ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
Next Story

RELATED STORIES

Share it