കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പൂനെ സിറ്റിക്കെതിരേ, മല്‍സരം കൊച്ചിയില്‍; കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇത്തവണത്തെ ഐഎസ്എല്ലില്‍ കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഇന്ന് ഏറക്കുറെ തീരുമാനമാവും. ഇന്നു കൊച്ചി കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന എട്ടാം റൗണ്ട് മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പൂനെ സിറ്റിയുമായാണ് അങ്കം കുറിക്കുന്നത്.
ഏഴു കളികളില്‍ നിന്ന് ഒരു ജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് ഇന്നു ജയിച്ച് മികച്ച തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിലവിലെ റണ്ണറപ്പ് കൂടിയായ ബ്ലാസ്റ്റേഴ്‌സ് സ്വപ്‌നതുല്യമായാണ് ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. ഹോംഗ്രൗണ്ടായ കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1ന് തകര്‍ത്ത ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തി.
എന്നാല്‍ പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം കുത്തനെ ഇടിയുകയായിരുന്നു. രണ്ടാംറൗണ്ടി ല്‍ മുംബൈ സിറ്റിയുമായി ഗോ ള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കഷ്ടകാലം ആരംഭിക്കുന്നത്. പിന്നീട് തുടരെ നാലു കളികളില്‍ തോല്‍വിയേറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി.
കഴിഞ്ഞ മാസം 31ന് കൊച്ചിയില്‍ നടന്ന അവസാന കളിയി ല്‍ ചെന്നൈയ്ന്‍ എഫ്‌സിയുമായി 1-1ന്റെ സമനില വഴങ്ങി ബ്ലാസ്റ്റേഴ്‌സ് തുടര്‍ തോല്‍വികള്‍ക്കു വിരാമമിടുകയായിരുന്നു. ചെന്നൈക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ജയം വരുതിയിലാക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല. അന്ന് പെനല്‍റ്റിയുടെ രൂപത്തില്‍ ജയം കേരളത്തിന്റെ പടിവാതില്‍ക്കലെത്തിയെങ്കിലും അതു പാഴാക്കി ബ്ലാസ്റ്റേഴ്‌സ് വിലപ്പെട്ട മൂന്ന് പോയിന്റ് കളഞ്ഞു കുളിക്കുകയായിരുന്നു.
രണ്ടു പരിശീലകരെയാണ് ഏഴു മല്‍സരങ്ങള്‍ക്കിടെ ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചത്. ആദ്യ ആറു കളികളില്‍ പീറ്റര്‍ ടെയ്‌ലറായിരുന്നു ടീമിന്റെ പരിശീലകനെങ്കില്‍ അവസാന മല്‍സരത്തില്‍ ട്രെവര്‍ മോര്‍ഗനാണ് ടീമിനു തന്ത്രങ്ങളൊരുക്കിയത്.
പുതിയ കോച്ച് ടെറി ഫെലാനു കീഴില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മല്‍സരം കൂടിയാണ് ഇന്നത്തേത്. ചെന്നൈക്കെതിരായ കളിക്കു ശേഷമാണ് ഫെലാനെ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ കോച്ചായി നിയമിച്ചത്.
Next Story

RELATED STORIES

Share it