thrissur local

കേരള ബ്ലാസ്‌റ്റേഴ്‌സിന് അഭിവാദ്യമര്‍പ്പിച്ച് തൃശൂരില്‍ നിന്ന് ജഴ്‌സികള്‍

തൃശൂര്‍: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മല്‍സരത്തില്‍ പോരാട്ടത്തിനിറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് അഭിവാദ്യമര്‍പ്പിച്ചും പ്രോല്‍സാഹനം നല്‍കിയും ആരാധകര്‍ക്കണിയാന്‍ തൃശൂരില്‍ നിന്ന് കിടിലന്‍ ജഴ്‌സികള്‍ !! മഞ്ഞനിറമുള്ള ജഴ്‌സിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലുള്ള ചിത്രവും ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരങ്ങളിലൊരാളായ സന്ദേശ് ജിംഗന്റെ വ്യത്യസ്തമായ മൊണ്ടാഷ് ചിത്രവും പ്രിന്റു ചെയ്തിട്ടുണ്ട്. കാല്‍പ്പന്ത് എന്ന ബ്രാന്റില്‍ പ്രധാനമായും പത്താം നമ്പര്‍ ജഴ്‌സികളാണ്  തൃശൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. തിരുപ്പൂരില്‍ നിന്നു കൊണ്ടുവന്ന ഇവയില്‍ കേരളത്തിന്റെ തെയ്യവും കളരിയുമെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

തലമുടി നീട്ടിവളര്‍ത്തിയ സച്ചിന്റെ ചിത്രത്തിനു താഴെ എതിരാളികള്‍ ക്ഷമിക്കണം, ദൈവം ഞങ്ങളുടെ ഭാഗത്താണ് എന്നെഴുതിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും സച്ചിന്റെയും ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ഡിഫന്‍ഡറുടെ റോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കാക്കുന്ന സന്ദേശ് ജിംഗന് തെയ്യത്തിന്റെ രൗദ്രഭാവമാണു പകര്‍ന്നിരിക്കുന്നത്. രൗദ്രം ദി ഹിഡന്‍ ഫേസ് എന്ന അടിക്കുറിപ്പോടെ തെയ്യത്തിന്റെ മുഖത്തെഴുത്തും സന്ദേശിന്റെ മുഖത്തിന്റെ പകുതിയും ചേര്‍ത്ത് വേറിട്ട ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമല്‍സരം ഇന്ന് കൊച്ചിയില്‍ നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ ജഴ്‌സിയുടെ വില്‍പ്പനയ്ക്കായി ഇവര്‍ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്.

ജഴ്‌സിയില്‍ ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് സി.എ. വിദ്യാര്‍ഥിയായ ഇ വി വിനീതാണ്. ലിയ ആന്‍ മാത്യുവാണ് കാല്‍പ്പന്ത് ബ്രാന്‍ഡിന്റെ ലോഗോ ഡിസൈന്‍ ചെയ്തത്. ഹരികൃഷ്ണന്‍ പിഷാരടി, വിഷ്ണു ബാബു, പ്രമോദ് വാരിയര്‍ തുടങ്ങിയ ചെറുപ്പക്കാരാണ് ഈ സംരംഭത്തിനു പിന്നിലെ മറ്റുള്ളവര്‍. ഷോറൂം വഴി വില്‍പ്പനയില്ലെങ്കിലും ആവശ്യക്കാര്‍ക്ക് 9020808867 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ ജഴ്‌സി ലഭിക്കും. ംംം.സമമഹുമിവtu.രീാ എന്ന വെബ്‌സൈറ്റ് വഴിയും ഫേസ്ബുക്ക് പേജ് വഴിയും ജഴ്‌സികള്‍ വില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it