കേരള ബ്ലാസ്റ്റേഴ്‌സ്: നിക്ഷേപ പങ്കാളികളെ ഇന്നു പ്രഖ്യാപിക്കും

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെന്‍ഡുല്‍ക്കല്‍ ഇന്നു തിരുവനന്തപുരത്ത്. ഐഎസ്എല്ലില്‍ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ നിക്ഷേപ പങ്കാളികളെ പ്രഖ്യാപിക്കുന്നതിനാണ് അദ്ദേഹം എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് താജ് വിവന്തയില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം മാധ്യമങ്ങളെ കാണും. ഈ കൂടിക്കാഴ്ചയില്‍ സചിന്‍ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
സാമ്പത്തിക ഭദ്രതയുള്ള നിക്ഷേപ പങ്കാളികളുമായി കൈകോര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സചിന്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവര്‍ക്കും ബ്ലാസ്റ്റേഴ്‌സില്‍ ഓഹരികളുണ്ടാവുമെന്നാണു സൂചന. പുതിയ നിക്ഷേപകരുമായി ഇന്നലെ തിരുപ്പതിയില്‍ സചിന്‍ കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നുരാവിലെ പത്തിന് സചിന്‍ ചര്‍ച്ച നടത്തും. സിനിമാ താരങ്ങളായ ചിരഞ്ജീവിയും നാഗാര്‍ജുനയും കൂടെയുണ്ടാവും. മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം മുംബൈക്ക് മടങ്ങുമെന്നാണു സൂചന. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞവര്‍ഷം അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.
ടീമിനെ ആദ്യം ലേലത്തില്‍ സ്വന്തമാക്കിയ പിവിപി വെഞ്ചേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്മാറിയതോടെ കഴിഞ്ഞ സീസണില്‍ സചിന്റെ ഒറ്റയാന്‍ നേതൃത്വത്തിലായിരുന്നു ടീം കളത്തിലിറങ്ങിയത്. പുതിയ നിക്ഷേപ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ല.
ലേലത്തില്‍ താരങ്ങളെ സ്വന്തമാക്കുന്നതു മുതല്‍ മുന്നൊരുക്കങ്ങളില്‍ വരെ മാനേജ്‌മെന്റിലെ പ്രതിസന്ധി ടീമിനെ ബാധിച്ചു. ഇതിനു ശേഷമാണ് വിനോദമാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രസാദ് ഗ്രൂപ്പ് 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. താരമൂല്യവും സാമ്പത്തിക ഭദ്രതയുമുള്ള നിക്ഷേപകരെ മാനേജ്‌മെന്റിന്റെ ഭാഗമാക്കുന്നതിലൂടെ ഐഎസ്എല്ലിലെ മികച്ച ടീമാക്കി ബ്ലാസ്‌റ്റേഴ്‌സിനെ മാറ്റാനാണ് സച്ചിനും പ്രസാദ് ഗ്രൂപ്പും ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it