Flash News

കേരള ബാങ്ക് രൂപീകരിക്കുക സഹകരണ മേഖലയില്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍



കൊച്ചി: സഹകരണമേഖലയില്‍ തന്നെയായിരിക്കും കേരള ബാങ്ക് രൂപീകരിക്കുകയെന്നും സഹകരണമേഖലയുടെ നിയന്ത്രണത്തില്‍ 64,000 കോടി രൂപ മൂലധനത്തോടുകൂടി ആരംഭിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ബാങ്കായിരിക്കും കേരള ബാങ്കെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡിസ്ട്രിക്ട് കോ-ഓപറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍(ഡിബിഇഎഫ്) കേരളയുടെ 25ാം വാര്‍ഷികം സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ കേരള ബാങ്കിനെ കുറിച്ചു പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപോര്‍ട്ട് എതാനും ദിവസം മുമ്പ് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണ്.  കേരള ബാങ്ക് രൂപീകരിക്കുന്നതോടെ ഒട്ടേറെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കുണ്ടാക്കാന്‍ കഴിയും. എല്ലാവരുടെയും അഭിപ്രായം കേട്ടതിനുശേഷം പൊതുജനത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരിക്കും ബാങ്ക് രൂപീകരിക്കുക.എസ്ബിടി-എസ്ബിഐ ലയനത്തെ ശക്തമായി തന്നെ നാം വിമര്‍ശിച്ചിരുന്നു. അത്തരമൊരു ലയനം സംസ്ഥാന താല്‍പര്യത്തിനെതിരാണെന്ന് നമ്മള്‍ പറഞ്ഞപ്പോള്‍ അതിനെ സംശയത്തോടെ നോക്കിയവര്‍ക്കു പോലും ലയനം നാടിനു ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇപ്പോള്‍ ബോധ്യമായിക്കഴിഞ്ഞു. എസ്ബിടിബാങ്കിന്റെ ബ്രാഞ്ചുകള്‍ നിര്‍ത്തലാക്കാന്‍ ആരംഭിച്ചു. ഇതുമൂലം കേരളത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന എസ്ബിടിയിലെ നാലായിരത്തോളം വരുന്ന ജീവനക്കാര്‍ കേരളത്തിനു പുറത്തേക്കു പോവാന്‍ നിര്‍ബന്ധിതരാവും. സംസ്ഥാനത്തിന്റെ നിക്ഷേപം സംസ്ഥാനത്തിനു പുറത്ത് ബിസിനസില്‍ മുടക്കാന്‍ പോവുന്ന നിലവരാന്‍ പോവുകയാണ്. ലയനത്തോടുകൂടി നാം ഭയപ്പെട്ടത് സംഭവിച്ചു. നിക്ഷേപകരെ അറിഞ്ഞും അറിയാതെയും കൊള്ളയടിക്കാന്‍ പോവുകയാണ്. പലതരത്തിലുള്ള സര്‍വീസ് ചാര്‍ജാണ് ഈടാക്കുന്നത്. എടിഎമ്മിനോട് ആഭിമുഖ്യമുള്ള സമൂഹമായി കേരളത്തിലെ വിദ്യാഭ്യാസമുള്ള സമൂഹത്തെ മാറ്റാന്‍ ബാങ്കിങ് മേഖലയ്ക്കു കഴിഞ്ഞു. പഴയ ആളുകള്‍ മാത്രമാണ് ഇപ്പോഴും ബാങ്കില്‍ പോയി പണമെടുക്കുന്നത്. പുതിയ തലമുറ എടിഎം വഴിയാണ് ഇടപാട് നടത്തുന്നത്. എടിഎം ഉപയോഗിക്കുന്ന ആളുകളില്‍ നിന്നു കൊള്ള നടത്താനാണ് ആളുകളെ ഇതിന് അടിമയാക്കിയത്. ഡിബിഇഎഫ് സംസ്ഥാന പ്രസിഡന്റ് സി ബാലസുബ്രമഹ്ണ്യന്‍ അധ്യക്ഷത വഹിച്ചു. പി രാജീവ്, എസ് എസ് അനില്‍, സി ബി ദേവദര്‍ശന്‍, വി എ രമേഷ്, സി ബി വേണുഗോപാല്‍, പി ജി ഷാജു സംസാരിച്ചു.
Next Story

RELATED STORIES

Share it